ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രകോപനപരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഇറാന്‍. ഇറാന്‍ ആണവായുധങ്ങളല്ല ലക്ഷ്യം വെക്കുന്നതെന്നും ഇക്കാര്യം കൊണ്ട് അമേരിക്ക സൈന്യത്തെ വിന്യസിക്കേണ്ട ആവശ്യമില്ലെന്നും ട്രംപിന് മറുപടിയായി ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് പറഞ്ഞു.
അമേരിക്കയുടെ ഇറാനിലേക്കുള്ള സൈനികനീക്കങ്ങള്‍ പ്രദേശത്തെ ജനങ്ങളെ ബാധിക്കുകയാണെന്ന് മുഹമ്മദ് ജാവേദ് പറഞ്ഞു. ഇറാനിലെ ഭരണം പിടിച്ചെടുക്കലല്ല, അവരുടെ ആണവായുധങ്ങളെ തടയലാണ് തങ്ങളുടെ ലക്ഷ്യമെന്ന ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഇറാന്‍. വളരെ കാലം മുമ്പുതന്നെ ആണവായുധങ്ങളുമായി ബന്ധപ്പെട്ടുള്ള നിരോധനം നിലനില്‍ക്കുന്നുണ്ടെന്ന് മുതിര്‍ന്ന നേതാവ് അയാത്തുള്ള അലി ഖാമെനേയ് വ്യക്തമാക്കി. സാമ്പത്തികമായി നിലനില്‍ക്കുന്ന ഉപരോധം ജനങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്നും വാക്കുകള്‍കൊണ്ടല്ല, പ്രവര്‍ത്തികള്‍കൊണ്ട് ട്രംപിന്റെ ഉദ്ദേശ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ച്ച നടത്തിയ ജപ്പാന്‍ സന്ദര്‍ശനത്തിനിടെയാണ് ട്രംപിന്റെ പരാമര്‍ശമുണ്ടായത്. ഇറാന്റെ ഭരണമാറ്റമല്ല തങ്ങളുടെ ലക്ഷ്യമെന്നും ആണവായൂധനിരാകരണമാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞിരുന്നു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ടോക്കിയോയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഇതിനായി ഇറാന്‍ കരാറുമായി ധാരണയിലെത്തുമെന്നും അത് അവര്‍ക്ക് നല്ലതായിരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.