X

അഴിമതിക്കാലത്തിന്റെ ഇരമ്പുമറ നീങ്ങണം-എഡിറ്റോറിയല്‍

കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് അഴിമതിയാരോപണത്തില്‍ മുന്‍ മന്ത്രി കെ.കെ ശൈലജക്കെതിരെയുള്ള പരാതി ലോകായുക്ത ഫയലില്‍ സ്വീകരിച്ചതോടെ കോവിഡ് കാലത്തെ പിണറായി സര്‍ക്കാറിന്റെ അഴിമതിക്കഥകള്‍ ജനങ്ങള്‍ക്കു മുന്നില്‍ അനാവരണം ചെയ്യപ്പെടുകയാണ്. മഹിളാ കോണ്‍ഗ്രസ് നേതാവ് വീണ എസ്. നായര്‍ നല്‍കിയ പരാതിയില്‍ ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് ലോകായുക്ത ഉത്തരവിട്ടിരിക്കുന്നത്. 450 രൂപയുടെ പി.പി.ഇ കിറ്റ് 1500 രൂപക്ക് വാങ്ങി എന്നതാണ് ഇവര്‍ക്കെതിരെയുള്ള പരാതി. മഹിളാ അപ്പാരല്‍സ്, ക്യാരിവണ്‍ എന്നീ കമ്പനികള്‍ 550 രൂപക്കായിരുന്നു സര്‍ക്കാറിന് കിറ്റുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ കോവിഡിന്റെ വ്യാപന ഘട്ടത്തില്‍ ഈ കമ്പനികളെ മറികടന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള സാന്‍ഫാര്‍മ എന്ന കമ്പനിയില്‍ നിന്ന് 1500 രൂപക്ക് കിറ്റുകള്‍ വാങ്ങുകയായിരുന്നു. പ്രഥമ ദൃഷ്ട്യാ തന്നെ അഴിമതി പ്രകടമായ സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ നിന്ന് കോവിഡിന്റെ മറപിടിച്ചാണ് സര്‍ക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. എത്ര മറച്ചുപിടിക്കാന്‍ ശ്രമിച്ചാലും സത്യം ഒരു നാള്‍ പുറത്തുവരികതന്നെ ചെയ്യുമെന്നത് ഇവിടെ അന്വര്‍ത്ഥമാവുകയാണ്.

ദുരന്തങ്ങള്‍ ഏകാധിപതികള്‍ക്ക് സൗകര്യമാണ് എന്നതിന്റെ നേര്‍ചിത്രമായിരുന്നു കോവിഡ് കാലത്തെ ഒന്നാം പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍. അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കൂത്തരങ്ങായി മാറിയ കേരള ഭരണത്തെ പക്ഷേ, കോടികള്‍ ചിലവഴിച്ചുള്ള പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് വിദഗ്ധമായി മറച്ചുവെക്കാനും ആ ഭരണത്തിനു സാധിച്ചു. ഇതര സംസ്ഥാനങ്ങളിലെല്ലാം കോവിഡ് നിയന്ത്രണവിധേയമായപ്പോള്‍ ഇന്ത്യയില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേരളം മുഴുവന്‍ സമയത്തും കോവിഡ് എണ്ണത്തില്‍ ഒന്നാം സ്ഥാനത്തു തന്നെ തുടരുകയായിരുന്നു. ഭരണ കൂടത്തിന്റെ ക്രിയാത്മകമായ ഇടപെടലുകള്‍ക്കു പകരം വാചാടോപങ്ങള്‍ മാത്രമായിരുന്നു കേരളത്തില്‍ അരങ്ങേറിയിരുന്നത്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളില്‍ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുകയും എന്നാല്‍ അതു പരിഹരിക്കാനുള്ള ഉത്തരവാദിത്തം നാട്ടുകാരുടെ തലയിലിടുകയുമായിരുന്നു. തങ്ങള്‍ വിദഗ്ധമായി കബളിപ്പിക്കപ്പെട്ടു എന്ന് ജനങ്ങള്‍ തിരിച്ചറിയുമ്പോഴേക്കും നിയമസഭാ തിരഞ്ഞെടുപ്പും രണ്ടാം പിണറായി സര്‍ക്കാറിന്റെ അധികാരാരോഹണവും പൂര്‍ത്തിയായിരുന്നു.

എന്നാല്‍ മറുവശത്ത് അഭിശപ്തമായ ഈ സാഹചര്യത്തെ മുതലെടുത്ത് വന്‍ അഴിമതികള്‍ക്ക് കളമൊരുക്കുന്ന തിരക്കിലായിരുന്നു സര്‍ക്കാര്‍. അഴിമതികള്‍ തുറന്നു കാട്ടപ്പെടുമ്പോള്‍ ഭീതിവിതച്ചു രക്ഷപ്പെടാനാണ് പിണറായിയും കൂട്ടരും അന്നു ശ്രമിച്ചത്. ഇടപാടുകളിലെ അവ്യക്തതകള്‍ ചൂണ്ടിക്കാട്ടുന്നവരെ ജീവന്റെ വിലയറിയാത്തവരും മരണത്തിന്റെ വ്യാപാരികളുമാക്കാനുള്ള മത്സരത്തിലായിരുന്നു സര്‍ക്കാറും സി.പി.എമ്മും. എന്നാല്‍ ആ തട്ടിപ്പുകളെല്ലാം ഒന്നൊന്നായി പുറത്തുവരാനിരിക്കുകയാണ്. കോവിഡിന്റെ മറവില്‍ നടന്ന തീവെട്ടിക്കൊള്ളയില്‍ ഒന്നുമാത്രമാണ് പി.പി.ഇ കിറ്റ് അഴിമതിയെന്നതുറപ്പാണ്. ഈ അഴിമതികളെല്ലാം മുഖ്യമന്ത്രിയുടെ സമ്മതത്തോടെയുമാണെന്ന കാര്യവും സംശയമില്ലാത്തതാണ്. വിഷയത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ മന്ത്രി കെ.കെ ശൈലജ പ്രതികരിച്ചത് ജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തി മുഖ്യമന്ത്രി നേരിട്ടുകൈക്കൊണ്ട തീരുമാനമാണിതെന്നാണ്. സ്വതന്ത്രമായ അന്വേഷണത്തിന് ലോകായുക്തയെ അനുവദിക്കുകയാണെങ്കില്‍ ഇക്കാര്യവും പുറത്തുവരുന്നതിന് കാലം സാക്ഷ്യം വഹിക്കുക തന്നെചെയ്യും.

ലോകായുക്തയുടെ ചിറകരിയാന്‍ ശ്രമിച്ചതിന്റെ കാരണങ്ങള്‍ വീണ്ടും വീണ്ടും പ്രകടമാക്കപ്പെടുകയാണ്. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് നടന്ന അഴിമതികളെല്ലാം കൂട്ടുത്തരവാദിത്തത്തോടെയാണെന്നും വഴിവിട്ട എല്ലാ നീക്കങ്ങളുടെയും കേന്ദ്രബിന്ദു മുഖ്യമന്ത്രി തന്നെയായിരുന്നുവെന്നതും ബോധ്യപ്പെടുന്ന ഘട്ടം വരുമ്പോഴേക്കും അന്വേഷണ സംവിധാനത്തെ ശണ്ഡീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. പരസ്പര ധാരണ പൊളിഞ്ഞതുകൊണ്ടു മാത്രം ഗവര്‍ണര്‍ ഇടഞ്ഞതോടെ ആ നീക്കം പാളുകയായിരുന്നു. അഴിമതികള്‍ ഒന്നൊന്നായി പുറത്തുവരും എന്ന ഒറ്റക്കാരണം കൊണ്ടാണ് അതുവരേയും ഭായി ഭായി ആയിരുന്ന ഗവര്‍ണറുമായി യുദ്ധ പ്രഖ്യാപനത്തിനു തന്നെ സര്‍ക്കാര്‍ തുനിഞ്ഞത്. രണ്ടാം പിണറായി സര്‍ക്കാറില്‍ ഉറപ്പായും ഉണ്ടാകുമെന്ന് കരുതയിരുന്ന കെ.കെ ശൈലജയുടെ അസാന്നിധ്യവും ഇവിടെ ചര്‍ച്ചാവിഷയമാകേണ്ടതാണ്. എല്ലാവരേയും ഏതാനും കാലം വിഡ്ഡികളാക്കാം. ഏതാനും പേരെ എല്ലാകാലവും വിഡ്ഡികളാക്കാം. എന്നാല്‍ എല്ലാവരേയും എല്ലാ കാലവും വിഡ്ഡികളാക്കാന്‍ കഴിയില്ലെന്ന പരമാര്‍ത്ഥം പിണറായി വിജയനും കൂട്ടരും തരിച്ചറിയുന്ന നാളുകളാണ് ഇനി വരാനിരിക്കുന്നത്.

Test User: