X

വിശപ്പിലൂടെ സമത്വം- റാശിദ് ഗസ്സാലി

റാശിദ് ഗസ്സാലി

വിശപ്പ് എങ്ങനെയാണു വൈയക്തികവും സാമൂഹികവുമായ മാറ്റത്തിന്റെ അളവുകോലാകുന്നത്. കൊടുത്തുകൊണ്ട് സമത്വം സൃഷ്ടിക്കുക സാധ്യമല്ല. ഏറ്റവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ പട്ടിണിയിലൂടെ മനുഷ്യര്‍ക്കിടയില്‍ എളുപ്പം സമത്വം നടപ്പില്‍ വരുത്താന്‍ കഴിയുമെന്ന പ്രായോഗിക സമീപനമാണ് റമസാനിലൂടെ പ്രയോഗവത്കരിക്കുന്നത്. ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ഒരു ഇളവുകളുമില്ലാതെ വിശപ്പ് അനുഭവിക്കുക എന്നത് മഹത്തായ സാമൂഹിക വിപ്ലവമാണ്. അവിടെയാണ് ഭൂമിയിലെ സര്‍വരും വ്രതാനുഷ്ഠാനത്തിലൂടെ സമന്മാരാകുന്നത്. വിശപ്പും ആഹാരവും അമിതമാകുമ്പോഴാണ് അത് പരീക്ഷണമായി മാറുന്നത്.

വിശപ്പ് ആധ്യാത്മിക ഉണര്‍വിന്റെയും ആന്തരിക ബോധ്യത്തിന്റെയും തുടക്കമാണ്. അന്നപാനീയങ്ങള്‍ പ്രപഞ്ച നാഥന്റെ ഔദാര്യമാണ് എന്ന തിരിച്ചറിവാണ് അത് സമ്മാനിക്കുന്നത്. സമ്പന്നതയുടെ അപരിമേയതയില്‍ കഴിയുമ്പോഴും തനിക്ക് മുന്നിലെത്തുന്ന തീന്മേശയിലെ വിഭവങ്ങളില്‍ പലതും ശാരീരിക അസ്വസ്ഥകളാല്‍ കഴിക്കാന്‍ കഴിയാതെ വിഷമിക്കുന്ന എത്ര അതി സമ്പന്നരുണ്ട്. ഭക്ഷണവും അത് കഴിക്കാനുള്ള ആരോഗ്യവും ഭൂമിയിലെ അതുല്യമായ സൗഭാഗ്യമാണ്. ഒരേ ഭക്ഷണം ഒരേ അളവില്‍ മാത്രം കഴിക്കാന്‍ നിഷ്‌കര്‍ഷിച്ചാല്‍ പോലും സമത്വം ഉണ്ടാക്കാന്‍ കഴിയില്ല. രുചി കൊണ്ടെങ്കിലും വ്യത്യാസമുണ്ടാകാം. എന്നാല്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ആളുകള്‍ വിശപ്പ് സഹിച്ച് വ്രതമെടുക്കുമ്പോള്‍ സമാനമായ ഒരു ത്യാഗവും വേദനയുമാണ് അനുഭവിക്കുന്നത്.

ലോകത്തെ അവശരും നിരാലംബരുമായ പാവങ്ങളോട് മനസ്സും ശരീരവും ഉപയോഗിച്ച് ഐക്യദാര്‍ഢ്യപ്പെടാന്‍ വിശപ്പ് പോലെ മനോഹരമായ ഒരു ഉപാധി മറ്റൊന്നില്ല.

അള്ളാഹു വിശ്വാസികളെ പരീക്ഷിക്കുമെന്ന് പറഞ്ഞ അഞ്ചു ഘടകങ്ങളില്‍ ഒന്ന് വിശപ്പാണ്. വിഭവ നാശം, ആളപായം, മുതലിന്റെ നഷ്ടം, ഭയം തുടങ്ങിയ വൈയക്തിക ദുരന്തങ്ങളോട് ചേര്‍ത്താണ് വിശപ്പിനേയും ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. അത്തരം ദുരന്തങ്ങളില്‍ നിന്നുള്ള പരിഹാരമാകട്ടെ അപാരമായ ക്ഷമയും.

പ്രശ്‌നവും പരിഹാരവും ആത്മീയ ഉള്‍വെളിച്ചത്തോടെ പകര്‍ന്നു നല്‍കുന്ന ആത്മ ശുദ്ധീകരണത്തിന്റെ അനുഗ്രഹീത കാലമായി റമസാന്‍ മാറുന്നത് അത്‌കൊണ്ട് കൂടിയാണ്.

ചുരുക്കത്തില്‍ വിശപ്പ് മനുഷ്യനില്‍ രൂപപ്പെടേണ്ടുന്ന അതുല്യമായ മൂല്യങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സാണ്. സമൃദ്ധിയുടെ ആലസ്യതയില്‍ മനുഷ്യന്‍ അശ്രദ്ധനാകുക സ്വാഭാവികമാണ്. തനിക്ക് മുന്നിലുള്ള സൗകര്യങ്ങളും വിഭവങ്ങളുമെല്ലാം തന്റെ മിടുക്ക് കൊണ്ട് ഉണ്ടായതാണെന്ന് അഹങ്കാരത്തോടെ മനുഷ്യന്‍ വിശ്വസിക്കുകയും, കൂടുതല്‍ വെട്ടിപിടിക്കുകയും അര്‍ഹര്‍ക്ക് വിതരണം ചെയ്യാതെ പിടിച്ചുവെക്കുകയുമൊക്കെ ചെയ്യുന്നത് നമ്മുടെ അല്‍പത്തരം കൊണ്ട് മാത്രമാണ്.

പകല്‍ മുഴുവന്‍ പട്ടിണി കിടന്ന് വിശുദ്ധ റമസാനിലെ വ്രതനാളുകളുടെ ചൈതന്യം കരഗതമാക്കുക വഴി ഇനിയൊരിക്കലും, അന്നം നല്‍കുന്ന നാഥനെ വിസ്മരിക്കുകയോ സ്വയം അഹങ്കരിക്കുകയോ ചെയ്യില്ല എന്ന് മാത്രമല്ല വിശപ്പ് സഹിക്കുന്ന ഒഴിഞ്ഞ വയറുകള്‍ അനുഭവിക്കുന്ന നൊമ്പരങ്ങള്‍ തൊട്ടറിയാനും കഴിയും വിധം ദൈവിക പ്രീതി കൊതിച്ച് അവരെ സംരക്ഷിക്കാനും മനസ്സ് നിരന്തരമായി ഓര്‍മിപ്പിച്ച് കൊണ്ടേയിരിക്കുകയും ചെയ്യും.

ആത്മീയ സഞ്ചാരികളുടെ പ്രഥമ ത്യാഗങ്ങളിലൊന്ന് അന്നപാനീയങ്ങള്‍ ഭാഗികമായോ താല്‍ക്കാലത്തെക്ക് പൂര്‍ണമായോ നിഷേധിക്കുക എന്നതാണ്. അതുവഴി മനസ്സും ശരീരവും ത്യാഗപൂര്‍ണമായ ജീവിതത്തിനു വഴങ്ങുകയും ഉജ്ജ്വലമായ ആധ്യാത്മിക ശോഭ കൈവരിക്കുകയും ചെയ്യുന്നു. വ്രതം ആരോഗ്യ പരിപാലനത്തിനുള്ള ക്രമീകരണമല്ല മറിച്ച് സര്‍വതോന്‍മുഖമായ നവീകരണത്തിനുള്ള പരിശീലനമാണ് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

Test User: