ലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ട സി.ബി.ഐ പ്രത്യേക കോടതിയുടെ വിധിയില്‍ പ്രതികരിച്ച് ബാബരി ഭൂമി തര്‍ക്ക കേസിലെ കക്ഷികളിലൊരാളായ ഇക്ബാല്‍ അന്‍സാരി. കോടിവിധി സ്വാഗതം ചെയ്യുന്നതായി ഇക്ബാല്‍ അന്‍സാരി പറഞ്ഞു. കേസിലെ 32 പ്രതികളെയും സി.ബി.ഐ പ്രത്യേക കോടതി വെറുതെവിടുകയായിരുന്നു.
അയോധ്യയില്‍ എന്താണ് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ഇനി രാജ്യത്ത് പുതിയ തര്‍ക്കങ്ങള്‍ ഉണ്ടാക്കരുത്. സമാധാനത്തോടെ ജീവിക്കണമെന്നും ഇക്ബാല്‍ അന്‍സാരി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിരവധി ആളുകള്‍ ഇതുമായി ബന്ധപ്പെട്ട് കേസ് കൊടുത്തിട്ടുണ്ട്. നമുക്ക് തര്‍ക്കം ഉയര്‍ത്തിക്കൊണ്ടുവരികയല്ല, അവസാനിപ്പിക്കുകയാണ് വേണ്ടത്. നമ്മള്‍ ഭരണഘടനയേയും കോടതി വിധിയേയും ബഹുമാനിക്കുന്നു. ഈ രാജ്യത്ത് ഇപ്പോള്‍ പുതിയ തര്‍ക്കം ഉണ്ടാവരുത്. ഇക്ബാല്‍ അന്‍സാരി പറഞ്ഞു. ബാബരി തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം വന്ന സുപ്രീംകോടതി വിധിയോടെതന്നെ സി.ബി.ഐ കേസ് അവസാനിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ഉള്‍പ്പെടെ 32 പ്രതികളെയും സി.ബി.ഐ പ്രത്യേക കോടതി വെറുതെവിടുകയായിരുന്നു. ഗൂഢാലോചനക്ക് തെളിവില്ലെന്ന കാരണം പറഞ്ഞാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.