ലണ്ടന്‍: വെസ്റ്റ്ബ്രംവിച്ച് ആല്‍ബിയോണിനെ ഒരു ഗോളിന് വീഴ്ത്തി ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടരുന്നു. സ്വന്തം തട്ടകത്തില്‍ ഡീഗോ കോസ്റ്റയുടെ ഗോളിലാണ് നീലപ്പട ജയിച്ചു കയറിയത്. സ്‌റ്റോക്ക് സിറ്റിയെ 3-1 ന് വീഴ്ത്തി ആര്‍സനല്‍ പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയപ്പോള്‍ വെസ്റ്റ്ഹാമിനോട് ആന്‍ഫീല്‍ഡില്‍ 2-2 സമനില വഴങ്ങി ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കരുത്തരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടോട്ടനം ഹോട്‌സ്പറിനെ തോല്‍പ്പിച്ചു. അതേസമയം, മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വിയറിഞ്ഞു. ലെസ്റ്റര്‍ സിറ്റിയാണ് ഗ്വാര്‍ഡിയോളയുടെ ടീമിനെ വീഴ്ത്തിയത്.
76-ാം മിനുട്ടില്‍ വലതുബോക്‌സില്‍ നിന്നുള്ള തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് ഡീഗോ കോസ്റ്റ ചെല്‍സിയുടെ വിജയ ഗോള്‍ നേടിയത്.
സ്വന്തം തട്ടകത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ആര്‍സനലിന്റെ തിരിച്ചുവരവ്. 29-ാം മിനുട്ടില്‍ ചാര്‍ലി ആദം നേടിയ ഗോളില്‍ സ്‌റ്റോക്ക് സിറ്റി മുന്നിലെത്തിയിരുന്നു. എന്നാല്‍ തിയോ വാല്‍ക്കോട്ട്, മസൂദ് ഓസില്‍, അലക്‌സ് ഇവോബി എന്നിവര്‍ ഗണ്ണേഴ്‌സിന്റെ ഗോളുകള്‍ നേടി.
വെസ്റ്റ്ഹാമിനെതിരെ ആദം ലല്ലാന, ദിവോക് ഒറിഗി എന്നിവര്‍ ലിവര്‍പൂളിന്റെ ഗോളുകള്‍ നേടിയപ്പോള്‍ ദിമിത്രി പായെറ്റ്, മികായില്‍ അന്റോണിയോ എന്നിവര്‍ സന്ദര്‍ശകര്‍ക്കു വേണ്ടി ലക്ഷ്യം കണ്ടു.
29-ാം മിനുട്ടില്‍ ഹെന്റിക് മിഖ്തര്‍യാന്‍ ആണ് മാഞ്ചസ്റ്ററിനു വേണ്ടി ടോട്ടനം വലയില്‍ പന്തെത്തിച്ചത്.
ജെറമി വാര്‍ഡിയുടെ ഹാട്രിക് ആണ് സിറ്റിക്കെതിരെ ലെസ്റ്റിന് ജയമൊരുക്കിയത്. വാര്‍ഡിക്കു പുറമെ ആന്‍ഡി കിങ് കൂടി ആതിഥേയര്‍ക്കു വേണ്ടി ഗോളടിച്ചപ്പോള്‍ അലക്‌സാണ്ടര്‍ കോളറോവ്, നോലിറ്റോ എന്നിവര്‍ സിറ്റിയുടെ ആശ്വാസ ഗോള്‍ നേടി.
15 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 37 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ചെല്‍സിക്കുള്ളത്. ആര്‍സനല്‍ (34), ലിവര്‍പൂള്‍ (31), മാഞ്ചസ്റ്റര്‍ സിറ്റി (30) ടീമുകള്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.