ഗുജറാത്ത് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ രാഷ്ട്രീയതെരഞ്ഞെടുപ്പുരംഗം ഉച്ചസ്ഥായിയിലെത്തി. 182ല്‍ 99 സീറ്റോടെയാണ് ബി.ജെ.പി ഇവിടെ 2017ല്‍ അധികാരം പിടിച്ചിരുന്നത്. കോണ്‍ഗ്രസിന് കഴിഞ്ഞതവണ 78 സീറ്റിലാണ് വിജയിക്കാനായത്. ഇത്തവണ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന അവകാശവാദത്തിനിടെയാണ് പാര്‍ട്ടിക്ക് തിരിച്ചടിയായി മോര്‍ബി തൂക്കുപാലം ദുരന്തവും ആം ആദ്മി പാര്‍ട്ടിയുടെ ഭീഷണിയും തുറിച്ചുനോക്കുന്നത്.
ഡിസംബര്‍ ഒന്നിനും അഞ്ചിനുമായി വോട്ടെടുപ്പ് നടക്കുമ്പോള്‍ പരമാവധി വോട്ടുകള്‍ സമാഹരിക്കാനാണ് കോണ്‍ഗ്രസും ആപ്പും പരിശ്രമിക്കുന്നത്. വര്‍ഗീയകലാപത്തിന് ശേഷവും 1995ന് ശേഷവും ഇതുവരെയും ബി.ജെ.പിക്ക് ഇവിടെ ഭരണം നഷ്ടപ്പെട്ടിട്ടില്ല. പ്രധാനമന്ത്രിയുടെ തട്ടകത്തില്‍ ക്ഷീണം സംഭവിച്ചാലത് അദ്ദേഹത്തിന് വലിയ ആഘാതകമാകും. 135 പേരുടെ മരണം വരുത്തിവെച്ച തൂക്കുപാലദുരന്തം വിധിയാണെന്ന ്പ്രചരിപ്പിച്ച് സമാധാനിപ്പിക്കാനുള്ള തിടുക്കത്തിലാണിപ്പോള്‍ മോദിയും കൂട്ടരും. വ്യക്തമായ ദിശാബോധത്തോടെയാണ് കോണ്‍ഗ്രസും ആപ്പും ഇവിടെ പ്രചാരണത്തിലുള്ളതെന്നത് ബി.ജെ.പിയെ ഭയപ്പെടുത്തുന്നു. 150 സീറ്റെന്ന ലക്ഷ്യം അതിമോഹമാണെന്ന് തിരിച്ചറിയുകയാണിപ്പോളവര്‍.
കോണ്‍ഗ്രസില്‍നിന്ന് എം.എല്‍.എമാരെ കൂറുമാറ്റിയാണ് ബി.ജെ.പി ഇപ്പോള്‍ 111 നിയമസഭാംഗങ്ങളെന്ന സംഖ്യയിലെത്തിയിരിക്കുന്നത്. റോഡ് ഉള്‍പ്പെടെ വലിയ പദ്ധതികളാണ് മോദിയുടെ നേതൃത്വത്തില്‍ ഇവിടെ നടപ്പാക്കുന്നത്. പക്ഷേ മോര്‍ബി ദുരന്തം ഈ അവകാശവാദങ്ങളെയുടെയെല്ലാം മുനയൊടിച്ചിരിക്കുകയാണ്. ഡല്‍ഹിയിലും പഞ്ചാബിലും നേടിയ ആപ് വിജയം കോണ്‍ഗ്രസിനോടൊപ്പം ബി.ജെ.പിയെയും ക്ഷീണിപ്പിച്ചിരുന്നു. അത് ഇവിടെയും പാരയാകുമോ എന്ന ഭയത്തിലാണ് ഇരുപാര്‍ട്ടികളും. പക്ഷേ ബി.ജെ.പിയെ ഏതുവിധേനയും പുറത്തിറക്കാനുള്ള നീക്കത്തിലാണ് ഇരുപാര്‍ട്ടികളുമിപ്പോള്‍. 50 സീറ്റെങ്കിലും ആപ്പ് പിടിച്ചാല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും 65 വീതം സീറ്റുകളാകും. പക്ഷേ ഭരണവിരുദ്ധതരംഗം അലയടിച്ചാലത് കോണ്‍ഗ്രസിനാണ് കൂടുതല്‍ ഗുണകരമാകുക.