X
    Categories: keralaNews

പി.എഫ് ഓപ്ഷന്‍: കാലാവധി തീരാന്‍ പത്തുദിവസം; ലിങ്ക് ഇടാതെ ഇ.പി.എഫ്

സുപ്രീംകോടതി നിര്‍ദേശിച്ച കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ പി.എഫ് പെന്‍ഷന് ഹയര്‍ ഓപ്ഷന്‍ കൊടുക്കാനുള്ള സംവിധാനം ഇപ്പോഴും ആയില്ല. കഴിഞ്ഞ നംവബറില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും കേന്ദ്രസര്‍ക്കാരിന് കീഴിലെ ഇ.പി.എഫ് അതോറിറ്റി ഇതിനായി ലിങ്ക് ഒരുക്കാതെ ഉരുണ്ടുകളിക്കുകയാണ്. പുതിയ ജീവനക്കാരും നിലവിലുള്ള ജീവനക്കാരും 2014ന് ശേഷം പിരിഞ്ഞവരുമായ പി.എഫ് അംഗങ്ങള്‍ക്കാണ് ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടത്. ഇതിനായി ഓപ്ഷന്‍ നല്‍കണം. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പി.എഫ് അതോറിറ്റി സംവിധാനം ഒരുക്കാത്തത് ജീവനക്കാരില്‍ പ്രശ്‌നം സൃഷ്ടിക്കുന്നു.തൊഴിലാളികളും തൊഴിലുടമകളും ഇതേതുടര്‍ന്ന് കടുത്ത ആശങ്കയിലാണ്. ഇരുവരോടുമാണ് ഓപ്ഷന് അപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 25 ലക്ഷത്തോളം ജീവനക്കാര്‍ കേരളത്തില്‍ മാത്രം വരും. തൊഴിലുടമകളായ ഫാക്ടറികളും സ്ഥാപനങ്ങളും പുതിയ രീതിയിലേക്ക് മാറാനായി ജീവനക്കാര്‍ക്ക് വേണ്ടി കടലാസ് ജോലികള്‍ ചെയ്ത് കാത്തിരിക്കുകയാണ്. ജീവനക്കാരില്‍നിന്ന് അപേക്ഷ ഒപ്പിട്ടുവാങ്ങി പി.എഫ് ഓഫീസുകളിലേക്ക് നല്‍കേണ്ട ചുമതല സ്ഥാപനഉടമകള്‍ക്കാണ്. ഇതിനായി ജീവനക്കാരെ കണ്ടെത്തുകയും വേണം.

6500 ശമ്പളം കൈപ്പറ്റുന്ന ജീവനക്കാര്‍ക്കാണ് ഹയര്‍ ഓപ്ഷന്‍ അനുവദിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ഇത് സാധിക്കില്ലെന്ന നിലപാടിലായിരുന്നു പി.എഫ് അതോറിറ്റി സ്വീകരിച്ച നിലപാട്. എന്നാല്‍ ജീവനക്കാരുടെ ശതകോടികള്‍ പി.എഫ് അതോറിറ്റിയില്‍ കുന്നുകൂടിക്കിടക്കുന്നത് പരിഗണിച്ച ഉന്നതനീതിപീഠം 2014 ന് ശേഷം ഉള്ളവര്‍ക്കായി ഇത് പരിമിതപ്പെടുത്തുകയായിരുന്നു. നിലവില്‍ ലഭിക്കുന്ന 1000 രൂപക്ക് പകരം ഇതോടെ 15000 രൂപ വരെ പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. ഇതിനായി പക്ഷേ പോരാത്ത തുക പി.എഫിലേക്ക് ജീവനക്കാരും സ്ഥാപനങ്ങളും കെട്ടിവെക്കുകയും വേണം.
ജീവനക്കാര്‍ ഏതുസമയത്തും ലിങ്ക് വരുമെന്ന കാത്തിരിപ്പ് തുടരുകയാണ്. വന്നാല്‍ ഉടന്‍ അതില്‍ വിവരങ്ങള്‍ ചേര്‍ത്ത് അപ്ലോഡ് ചെയ്യണം. അല്ലാതെ ഇത്രയും പേരുടെ കടലാസ് പി.എഫില്‍ സൂക്ഷിക്കുന്നതിനോ സ്വീകരിക്കുന്നതിന് പോലുമോ പി.എഫ് ജീവനക്കാര്‍ക്ക് കഴിയില്ല. വര്‍ഷങ്ങളായി പി.എഫില്‍ നിയമനം നിര്‍ത്തിവെച്ചിരിക്കുന്നത് കാരണം അവരും പ്രതിസന്ധിയിലാണ്.

Chandrika Web: