ന്യുഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) അംഗങ്ങള്‍ക്ക് യഥാര്‍ഥ ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ ലഭ്യമാക്കാന്‍ വഴിയൊരുങ്ങി. ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാന്‍ നിര്‍ദേശിച്ച് പി.എഫ് അഡീഷനല്‍ കമീഷണറുടെ ഉത്തരവ് പുറത്തിറങ്ങി.
ഉത്തരവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി കേന്ദ്ര തൊഴില്‍ മന്ത്രി ബന്താരു ദത്താത്രേയ അറിയിച്ചു. വിഷയത്തില്‍ കൊല്ലം എം.പി എന്‍. കെ. പ്രേമചന്ദ്രന്‍ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തിലുള്ള ചര്‍ച്ചക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
1995ല്‍ ഇ.പി.എഫ് പെന്‍ഷന്‍ നിയമം നടപ്പാക്കിയപ്പോള്‍ 6500 രൂപ മാസശമ്പളം കണക്കാക്കി അതിന്റെ 8.33 ശതമാനം തുക പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റി, അതനുസരിച്ച് പെന്‍ഷന്‍ കണക്കാക്കാനാണ് നിര്‍ദേശിച്ചിരുന്നത്. ഇതനുസരിച്ച് തുച്ഛമായ തുകയാണ് പെന്‍ഷന്‍ കിട്ടുന്നത്. എന്നാല്‍, 6500ല്‍ കൂടുതല്‍ ശമ്പളമുള്ളവര്‍ക്ക് കൂടിയ ശമ്പളത്തിന്റെ തോതില്‍ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് അടക്കാമെന്ന് 95ലെ നിയമത്തിലുണ്ട്.
അങ്ങനെ കൂടുതല്‍ തുക നല്‍കിയവര്‍ക്ക് അതനുസരിച്ചുള്ള ഉയര്‍ന്ന പെന്‍ഷനും അര്‍ഹതയുണ്ടെന്ന വാദവുമായി ചിലര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹരജി അനുവദിച്ച സുപ്രീംകോടതി അവസാനം വാങ്ങിയ ശമ്പളത്തിന്റെ തോത് അനുസരിച്ച് പി.എഫ് പെന്‍ഷന്‍ കണക്കാക്കി നല്‍കാന്‍ ഉത്തരവിട്ടു.
ഈ കോടതി വിധി നടപ്പാക്കാന്‍ നിര്‍ദേശിക്കുന്നതാണ് അഡീഷനല്‍ പി.എഫ് കമീഷണറുടെ പുതിയ ഉത്തരവ്. ഇതോടെ തുച്ഛമായ തുക പെന്‍ഷന്‍ ലഭിച്ചിരുന്ന സ്ഥാനത്ത് താരതമ്യേന മെച്ചപ്പെട്ട പെന്‍ഷന്‍ കിട്ടാനുള്ള വഴി തുറക്കുകയാണ്. എന്നാല്‍, ഉത്തരവിന്റെ ഗുണം എല്ലാ അംഗങ്ങള്‍ക്കും ലഭിക്കാനിടയില്ല. കാരണം, യഥാര്‍ഥ ശമ്പളത്തിന്റെ തോത് കണക്കാക്കി ഇ.പി.എഫ് വിഹിതം അടച്ചവര്‍ മാത്രമാണ് സുപ്രീംകോടതി വിധിയുടെ പരിധിയില്‍ വരിക. അതായത്, 6500 രൂപയില്‍ കൂടുതല്‍ ശമ്പളം ഉണ്ടായിരിക്കുകയും എന്നാല്‍, നിയമപ്രകാരമുള്ള പരിധിയായ 6500 എന്ന് കണക്കാക്കി അതിന്റെ വിഹിതം മാത്രം ഇ.പി.എഫിലേക്ക് അടക്കുകയും ചെയ്തവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍, യഥാര്‍ഥ ശമ്പളത്തിന് അനുസരിച്ച് ഇ.പി.എഫ് വിഹിതം അടച്ചവര്‍ക്ക് അതിന്റെ 8.33 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റാന്‍ ഇനിയും ഓപ്ഷന്‍ നല്‍കാം. നേരത്തേ, ഇങ്ങനെ ഓപ്ഷന്‍ നല്‍കുന്നതിന് 2005 വരെയാണ് കാലാവധി നിശ്ചയിച്ചിരുന്നത്.
പുതിയ ഉത്തരവ് പ്രകാരം കാലാവധി എടുത്തുകളഞ്ഞു. ഇങ്ങനെ ഓപ്ഷന്‍ നല്‍കുന്നവരുടെ ഇ.പി.എഫ് നിക്ഷേപത്തില്‍ നിന്ന് ആനുപാതികമായ അധിക തുക പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റും. നിക്ഷേപം പിന്‍വലിച്ചവരാണെങ്കില്‍ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള അധിക തുക പലിശ സഹിതം തിരിച്ചടക്കണം.
ഇ.പി.എഫ് ട്രസ്റ്റ് ബോര്‍ഡ് യോഗം ഈ മാസം 30ന് ഡല്‍ഹിയില്‍ ചേരുന്നുണ്ട്. ഇതോടൊപ്പം കേന്ദ്ര ജീവനക്കാര്‍ക്ക് ഇ.പി.എഫ് പണം പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കിയിട്ടുണ്ട്. വിടു നിര്‍മാണം, വാഹനം, വിദ്യാഭ്യാസം, ചികിത്സ, ഉപഭോക്തൃസാമഗ്രികള്‍ വാങ്ങല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കാനാണ് ഇളവ് നല്‍കിയിരിക്കുന്നത്.