ഇ.പി.എഫ്.ഒ ഹയര്‍ പെന്ഷന് ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി വീണ്ടും നീട്ടി. ജൂണ്‍ 26വരെയാണ് സമയപരിധി നീട്ടിയത്. മെയ് 3 സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇ.പി.എഫ്.ഒയുടെ നടപടി. ഉയര്‍ന്ന പെന്‍ഷന്‍ ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി നീട്ടണമെന്ന് വിവിധ ഭാഗങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ ഉറപ്പാക്കണമെന്ന കേസില്‍ 2022 നവംബര്‍ നാലിനാണ് സുപ്രീംകോടതിയുടെ അനുകൂല ഉത്തരവുണ്ടായത്. 4മാസത്തിനകം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും ഇ.പി.എഫ്.ഒയോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
വിധി വന്ന് ആദ്യ മാസങ്ങലില്‍ ഇ.പി.എഫ്.ഒയുടെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടായില്ല. 2023 ജനുവരിക്ക് ശേഷമാണ് 2014 സെപ്റ്റംബര്‍ ഒന്നിന് മുമ്പ് വര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള സൗകര്യം ഒരുക്കിയത്. സര്‍വീസില്‍ തുടരുന്നവര്‍ക്കുള്ള ഉത്തരവ് 2023 ഫെബ്രുവരി 20നാണ് ഇ.പി.എഫ്.ഒ പുറത്തിറക്കിയത്. 2014 സെപ്റ്റംബര്‍ 1ന് മുമ്പ് സര്‍വീസുണ്ടായിരിക്കുകയും 2014 സെപ്റ്റംബര്‍ 1ന് ശേഷം വിരമിച്ചവര്‍ക്കും ജോലിയില്‍ തുടരുന്നവര്‍ക്കും ഓപ്ഷന്‍ നല്‍കാനുള്ള അവസരമാണ് ഇ.പി.എഫ്.ഒ വിജ്ഞാപനത്തിലുള്ളത്.