X
    Categories: keralaNews

മോഹന്‍ലാല്‍ വരുമോ ,ഇല്ലയോ ?! അനിശ്ചിതത്വം ഒഴിവാക്കി ഇന്ന് ഇ.പി ജയരാജന്‍ സി.പി.എം ജാഥയില്‍

മോഹന്‍ലാല്‍ വരുമോ ,ഇല്ലയോ എന്ന സിനിമാ ഡയലോഗ് പോലെ ഒടുവില്‍ അനിശ്ചിതത്വം ഒഴിവാക്കി ഇന്ന് ഇ.പി ജയരാജന്‍ സി.പി.എം ജാഥയില്‍ പങ്കെടുക്കും. ഇടതുമുന്നണി കണ്‍വീനര്‍കൂടിയായ ജയരാജന്‍ സി.പി.എം സംസ്ഥാനസെക്രട്ടറി നയിക്കുന്ന പ്രതിരോധജാഥയില്‍ കാസര്‍കോട് മുതല്‍ പാലക്കാട് വരെയും പങ്കെടുത്തിരുന്നില്ല. ഇത് വലിയ വിവാദത്തിനിടയാക്കിയതോടെയാണ് സമവായത്തിലൂടെ ഇന്ന് തൃശൂരില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്. വിവാദത്തെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം മാധ്യമങ്ങളെ കുറ്റപ്പെടുത്താനാണ് ജയരാജന്‍ ശ്രമിച്ചത്.
എന്നാല്‍ ഇന്നലെ ജാഥയില്‍ പങ്കെടുക്കുമെന്ന് അറിയിക്കുകയായിരുന്നു. അതേസമയം പാര്‍ട്ടിയെ ഇതുവരെയും മുള്‍മുനയില്‍ നിര്‍ത്തിയതില്‍ നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. അദ്ദേഹത്തിന്റെ ഭാര്യക്കും മകനും ഉടമസ്ഥതയുള്ള വിവാദറീസോര്‍ട്ടില്‍ ഇ.ഡി റെയ്ഡ് നടത്തിയതിനെതിരെ പാര്‍ട്ടി ഇതുവരെയും പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ കരിങ്കൊടി കാട്ടിയതിനെതിരെ അവരെ മര്‍ദിച്ച ജയരാജനെതിരെ ഇന്‍ഡിഗോ വിമാനക്കമ്പനി വിലക്ക് ഏര്‍പെടുത്തിയിരുന്നു. എന്നാല്‍ താന്‍ ആ വിമാനത്തിലിനി കയറില്ലെന്നായി ജയരാജന്‍. എന്നാല്‍ കയറിക്കോളാന്‍ തന്നോടാവശ്യപ്പെട്ടതായി അദ്ദേഹം ഇന്നലെ അറിയിച്ചു. തനിക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ പേര് പുറത്തുവിടുമെന്ന് പറയുന്നതില്‍ നേതാക്കള്‍ക്ക് ആശങ്കയുണ്ട്.
ഇന്ന് ജാഥയിലെ പ്രസംഗത്തില്‍ എന്തൊക്കെ പറയും, പ്രസംഗിക്കുമോ എന്നെല്ലാം ഉറ്റുനോക്കുകയാണ് അണികള്‍. എം.വി ഗോവിന്ദനെ സെക്രട്ടറിയാക്കിയതില്‍ സീനിയോരിറ്റി പാലിച്ചില്ലെന്ന പരാതിയാണ് ജയരാജനുള്ളത്. കുറച്ചുകാലമായി അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ ഒരു വേദിയിലും ഇ.പി പങ്കെടുക്കുന്നില്ല. കണ്ണൂരിലെ ഉള്‍പാര്‍ട്ടിത്തര്‍ക്കമാണ് കാരണം. പിണറായിയെ കൈവിട്ട ഇ.പി ശൈലജ, ശംസീര്‍ തുടങ്ങിയവരുമായി പുതിയ ഗ്രൂപ്പുണ്ടാക്കിയതായാണ് വിവരം.

Chandrika Web: