കോഴിക്കോട് : സിപിഎം നേതാവും മുന്‍മന്ത്രിയുമായ ഇപി ജയരാജനെതിരെ പി.ജയരാജന്‍ നടത്തിയ സാമ്പത്തിക ആരോപണം അന്വേഷിക്കേണ്ടത് വിജിലന്‍സാണെന്നും പാര്‍ട്ടി അന്വേഷണവും ശേഷം നല്‍കുന്ന ‘പരസ്യ ശാസന’ എന്ന കടുത്ത ശിക്ഷയും നല്‍കി പ്രശ്‌നം ഒതുക്കാന്‍ ഇത് ഉത്തരകൊറിയയല്ലെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് പറഞ്ഞു. നീതിന്യായ വ്യവസ്ഥ ഇപ്പോഴും നിലവിലുള്ള സംസ്ഥാനമാണ് കേരളമെന്നത് മറക്കരുതെന്ന് അദ്ദേഹം സിപിഎം നേതൃത്വത്തെ ഓര്‍മ്മപ്പെടുത്തി.
പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ക്കെതിരെ രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങള്‍ വന്നപ്പോഴേക്കും അന്വേഷണം പ്രഖ്യാപിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ പാര്‍ട്ടിയാണ് സി.പി.എം. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് തന്നെ ഇത്രത്തോളം വലിയൊരു ആരോപണം ഉന്നയിക്കുകയും അത് ശരിവെക്കും വിധം പാര്‍ട്ടി സെക്രട്ടറി സംസാരിച്ചിട്ടും ഒരു പെറ്റിക്കേസ് പോലും രെജിസ്റ്റര്‍ ചെയ്യാത്ത കമ്മ്യൂണിസ്റ്റ് നിഷ്‌കളങ്കത ചോദ്യം ചെയ്യപ്പെടും ഫിറോസ് തുടര്‍ന്നു.
പ്രതിപക്ഷമില്ലാത്ത ആന്തൂര്‍ നഗരസഭയില്‍ നിന്നും അനധികൃതമായി അനുമതി നേടിയെടുത്തും കുന്നിടിച്ചുമാണ് ആയുര്‍വ്വേദ റിസോര്‍ട്ട് പണിതിട്ടുള്ളത്. മുമ്പ് പ്രവാസിയായ സാജന്‍ പടുത്തുയര്‍ത്തിയ കണ്‍വെന്‍ഷന്‍ സെന്ററിന് പകയോടെ അനുമതി നിഷേധിക്കുകയും സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതും ഇതേ ആന്തൂര്‍ നഗരസഭയാണ്. ഇപി ജയരാജന്റെ സാമ്പത്തിക തട്ടിപ്പിനെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.