മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരന് മര്‍ദനമേറ്റ സംഭവത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ നടത്തിയ പ്രസ്താവന വിവാദമാകുന്നു. ‘വികലാംഗന്‍’ പരാമര്‍ശം നടത്തിയ ജയരാജനെതിരെ ഭിന്നശേഷി അവകാശ നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. ഇതുന്നയിച്ച് ഭിന്നശേഷി കമ്മീഷണര്‍ക്ക് വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ പരാതി നല്‍കി.
ആലപ്പുഴയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോന്‍ കണ്ടല്ലൂരിനാണ് മര്‍ദനമേറ്റത്. കരിങ്കൊടി കാണിച്ചതിന് പൊലീസ് ബലം പ്രയോഗിച്ച് നീക്കിയ അജിമോനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു.
ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വികലാംഗന്‍ എന്തിനാണ് കൊടിയും പിടിച്ച് പ്രതിഷേധിക്കുന്നത് എന്നായിരുന്നു ജയരാജന്റെ മറുപടി. എന്നാല്‍ ജയരാജന്റേത് ഭിന്നശേഷി വിരുദ്ധ പരാമര്‍ശമാണെന്ന് ഓള്‍ കേരളാ വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി വാസുണ്ണി പട്ടാഴി ഭിന്നശേഷി കമ്മീഷണര്‍ക്ക് പരാതി നല്‍കി.
തെറ്റ് തിരുത്തി മാപ്പ് പറയാന്‍ ജയരാജന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഭിന്നശേഷി അവകാശ നിയമപ്രകാരം കേസെടുക്കണമെന്ന് വാസുണ്ണി ആവശ്യപ്പെട്ടു. വികലാംഗന്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് അജിമോനും നേരത്തെ ആവശ്യപ്പെട്ടിരുന്നു.