ഇ.പി ജയരാജന്റെ പുസ്തക വിവാദത്തില്‍ ഡിസി ബുക്‌സ് ഉടമ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തും. ജീവനക്കാരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. അതേസമയം പാര്‍ട്ടി സമ്മേളനങ്ങളുടെ തിരക്കിലാണെന്ന് സൂചിപ്പിച്ച് മൊഴി നല്‍കാന്‍ ഇ.പി സമയം ആവശ്യപ്പെട്ടു.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ വളരെ ദുര്‍ബലമാണെന്ന് തുറന്നെഴുതുന്ന ഇപി ജയരാജന്റെ പേരിലുള്ള ‘കട്ടന്‍ ചായയും പരിപ്പുവടയും’ എന്ന പുസ്തകം ഡിസി ബുക്ക്‌സിന്റെ പ്രസിദ്ധീകരണം എന്ന രീതിയിലാണ് പുറത്തു വന്നത്. എന്നാല്‍ രാഷ്ട്രീയജീവിതവും വിവാദങ്ങളും ഉള്‍പ്പെടുത്തി ആത്മകഥ എഴുതാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് നേരത്തെ ഇപി ജയരാജന്‍ അറിയിച്ചിരുന്നു.
ദേശാഭിമാനിയ്ക്കായി പരസ്യവും ബോണ്ടും വാങ്ങിയത് പാര്‍ട്ടിയുമായി ആലോചിച്ചാണെന്നും എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ അത് തനിക്കെതിരെ ആയുധമാക്കിയെന്നും പരാമര്‍ശമുണ്ട്. ആദ്യ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിനൊപ്പം ഇ.പി ജയരാജന്‍ നില്‍ക്കുന്ന ചിത്രമാണ് പുസ്തകത്തിന്റെ കവറിലുള്ളത്. കട്ടന്‍ചായ പിടിച്ചുനില്‍ക്കുന്ന ഇഎംഎസിനെ ചിരിയോടെ നോക്കുന്ന ജയരാജനാണ് ചിത്രത്തിലുള്ളത്.
ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമായതിന് പിന്നാലെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിനത്തിലാണ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്ന് മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. ആ വെളിപ്പെടുത്തല്‍ സിപിഎമ്മിനെ വലിയരീതിയില്‍ പ്രതിരോധത്തിലാക്കിയിരുന്നു.
ഇതിന് പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇപി ജയരാജനെ നീക്കിയിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ആത്മകഥയിലുത്തരമുണ്ടാകുമെന്നായിരുന്നു ഇപി ജയരാജന്‍ അന്ന് പ്രതികരിച്ചിരുന്നത്. ഇപി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ തന്നോട് ചര്‍ച്ചനടത്തിയെന്ന് ശോഭാസുരേന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു.