X
    Categories: MoreViews

ക്ഷേത്ര ദര്‍ശനം: ഇ.പി ജയരാജന്‍ വീണ്ടും വിവാദത്തിലേക്ക്

 

കണ്ണൂര്‍: ബന്ധു നിയമനവും തൊട്ടുപിന്നാലെയുണ്ടായ രാജിയിലുംപ്പെട്ട് വിവാദ നായകനായ മുന്‍മന്ത്രി ഇ.പി ജയരാജന്‍ വീണ്ടും വെട്ടില്‍. കണ്ണൂരിലെ പ്രശസ്ത ദേവീ ക്ഷേത്രത്തില്‍ തൊഴാനെത്തിയ ജയരാജന്റെ ചിത്രം സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. 2017 ഏപ്രില്‍ ആറിന് വൈകിട്ട് ആറിന് ജയരാജന്‍ ക്ഷേത്രം സന്ദര്‍ശിക്കുന്ന ചിത്രമാണ് ചാനല്‍ ഇന്നലെ പുറത്തുവിട്ടത്.
ബന്ധുനിയമന വിവാദത്തില്‍ പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി, പൊളിറ്റ്ബ്യൂറോ എന്നിവയുടേതുള്‍പ്പെടെ വിമര്‍ശനങ്ങളേറ്റുവാങ്ങിയ സമയത്തായിരുന്നു സന്ദര്‍ശനമെന്നതാണ് ശ്രദ്ധേയം. മുഴക്കുന്നിലെ ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിലാണ് അദ്ദേഹമെത്തിയത്. പഴശ്ശിരാജാവ് യുദ്ധത്തിന് പോകുന്നതിന് മുമ്പ് ദര്‍ശനം നടത്തിയിരുന്ന ക്ഷേത്രമാണ് മുഴക്കുന്നിലേത്. ഒട്ടേറെ പ്രത്യേകത കൊണ്ടും പ്രാര്‍ത്ഥനാ സാഫല്യം കൊണ്ടും സംസ്ഥാനത്തിന് വെളിയില്‍ നിന്നു പോലും ആയിരക്കണക്കിന് വിശ്വാസികളെത്തുന്ന ക്ഷേത്രം കൂടിയാണിത്.
നേരത്തെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴുതതിന്റെ പേരില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ വിമര്‍ശിച്ച പാര്‍ട്ടി ജയരാജന്റെ വിഷയത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.
മതവിശ്വാസത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി മുമ്പും ജയരാജന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട് പീലിക്കോട് വെങ്ങക്കോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തോടനുബന്ധിച്ച പ്രദര്‍ശനം ഉദ്ഘാടനം ചെയ്തതും ജയരാജനാണ്. ക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങള്‍ നന്മയുണ്ടാക്കുമെന്നും മനുഷ്യന്റെ കര്‍മ്മശേഷി കൂട്ടി ഉണര്‍വ് നല്‍കുമെന്നും അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

chandrika: