കൊച്ചി: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ പിന്തുണച്ച് മന്ത്രി ഇ.പി ജയരാജന്‍. തുഷാറിന്റെ അറസ്റ്റില്‍ അസ്വാഭാവികതയുണ്ടെന്നും ദുബായിലെ മറ്റു പ്രതികളെപ്പോലെയല്ല തുഷാറെന്നും ജയരാജന്‍ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജന്‍.
ബി.ജെ.പിക്കാരന്റെ സംരക്ഷണവും മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമാണ്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ പ്രശംസിക്കുകയാണ് വേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.
അതേസമയം, തുഷാറിന് ജാമ്യം ലഭിച്ചിട്ടുണ്ട്. തുഷാറിന്റെ മോചനത്തിനായി ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലി ഇടപെട്ടതിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. എം.എ യൂസഫലി ജാമ്യത്തുക കെട്ടിവെച്ചുവെന്നാണ് വിവരം.
ഇന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞായറാഴ്ച്ച വരെ ജയിലില്‍ കഴിയേണ്ട സ്ഥിതിയായതിനാലാണ് അടിയന്തിര ഇടപെടലുണ്ടായത്. തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ളയാണ് തുഷാറിനെതിരെ പരാതി നല്‍കിയത്.
ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെയാണ് യുഎഇയിലെ അജ്മാനില്‍ അറസ്റ്റിലായത്. അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് കഴിഞ്ഞരാത്രി തുഷാര്‍ വെള്ളാപ്പള്ളിയെ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തത്.
പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് നടപടി. പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്.