X

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും വിട്ടുനിന്ന് ഇ.പി ജയരാജന്‍

പി.വി അൻവര്‍ എംഎല്‍എയുടെ ആരോപണങ്ങൾക്കിടെയുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരംഭിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി,എഡിജിപി എം.ആർ അജിത് കുമാർ എന്നിവർക്കെതിരെ പി.വി അൻവർ നൽകിയ പരാതി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്തേക്കും.

അൻവറിന്‍റെ പരാതി പരിശോധിക്കപ്പെടേണ്ടതാണെന്നാണ് നേതൃത്വത്തിന്‍റെ പൊതു അഭിപ്രായം. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ ഇ.പി ജയരാജൻ സെക്രട്ടറിയേറ്റിൽ പങ്കെടുക്കാൻ എത്തിയില്ല. കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതിൽ ഇ.പി. ജയരാജന് കടുത്ത അതൃപ്തിയുണ്ട്.

സമ്മേളനകാലത്ത് സംഘടനാ നടപടി പാടില്ലെന്നാണ് സിപിഎമ്മിന്‍റെ ചട്ടം. നടപടി വേണമെങ്കിൽ പാർട്ടി കോൺഗ്രസ് കഴിയേണ്ടി വരും. മേയിൽ 75 വയസ് പൂർത്തിയാകുന്ന ഇ.പി. ജയരാജനെ അടുത്ത പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തുമോ എന്ന ചോദ്യവും ഉയർന്നുവരുന്നുണ്ട്.

ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ മാറ്റിയത് പാർട്ടിയുടെ അച്ചടക്ക നടപടിയല്ല എന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിശദീകരിച്ചത്. ഇ.പി. ജയരാജൻ കേന്ദ്ര കമ്മിറ്റിയിൽ തുടരുമെന്നും സെക്രട്ടറി പറഞ്ഞിരുന്നു. സിപിഎമ്മിന്‍റെ സംഘടനാരീതി പ്രകാരം സമ്മേളനങ്ങൾ തുടങ്ങിയാൽ അച്ചടക്ക നടപടി പാടില്ല. ഇ.പിക്കെതിരെ ഇനി സംഘടനാ നടപടി സ്വീകരിക്കണമെങ്കിൽ ഏപ്രിലിൽ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് കഴിയണം.

webdesk13: