X

കണ്‍സള്‍ട്ടന്‍സിക്കുള്ള അദാനി ബന്ധം സര്‍ക്കാരിന് അറിയില്ലായിരുന്നെന്ന് ഇ.പി ജയരാജന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തിലും ലൈഫ് മിഷന്‍ തട്ടിപ്പിനും പിന്നാലെ വിമാനത്താവള സ്വകാര്യവത്കരണത്തിലും പ്രതിരോധത്തിലായി എല്‍ഡിഎഫ് സര്‍ക്കാര്‍. തിരുവനന്തപുരം വിമാനത്താവള കണ്‍സള്‍ട്ടന്‍സി വിവാദത്തില്‍ സര്‍ക്കാരിനെ പ്രതിരോധിച്ച് രംഗത്തെത്തിയ മന്ത്രി ഇ.പി. ജയരാജന്‍ അദാനിയുമായി കണ്‍സള്‍ട്ടന്‍സിക്കുള്ള ബന്ധം സര്‍ക്കാരിന് അറിയില്ലായിരുന്നെന്നാണ് പ്രതികരിച്ചത്.

അദാനിയുടെ മകന്റെ ഭാര്യയുടെ പിതാവാണ് ഈ കണ്‍സള്‍ട്ടന്‍സിയുടെ പ്രധാനിയെന്ന കാര്യം സര്‍ക്കാരിന് അറിയില്ലായിരുന്നെന്നും ഒരു ജെന്റില്‍മാന്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍സി എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി ഏല്‍പിച്ചതെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ഐ.ഡി.സി. കണ്‍സള്‍ട്ടന്‍സി സേവനം തേടിയ സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ് തങ്ങളുടെ അദാനി ബന്ധം സംസ്ഥാന സര്‍ക്കാരില്‍നിന്ന് മറച്ചുവെച്ചുവെന്നും ജയരാജന്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ അല്ലെന്നും ജയരാജന്‍ അവകാശപ്പെട്ടു.

വിവാദം വന്നപ്പോളാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പിന് അദാനിയുമായി ബന്ധുത്വം ഉണ്ടെന്ന് മനസ്സിലാക്കുന്നെതെന്നും ഈ കാര്യങ്ങള്‍ പൂര്‍ണമായും സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ് മറച്ചുവെച്ചു എന്നാണ് ഇപ്പോള്‍ സര്‍ക്കാരിന് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കണ്‍സള്‍ട്ടന്‍സിക്ക് അദാനിയുമായുള്ള ബന്ധം അവര്‍ അറിയിച്ചില്ലെങ്കിലും സര്‍ക്കാര്‍ പരിശോധിക്കേണ്ടിയിരുന്നില്ലേ എന്ന ചോദ്യത്തിന്, ഇന്ത്യയില്‍ അറിയപ്പെടുന്ന വലിയ ലീഗല്‍ കണ്‍സള്‍ട്ടന്‍സിയാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്നും അവര്‍ കേരളത്തിന്റെ പല കേസുകളും കൈകാര്യം ചെയ്തിട്ടുണ്ടെന്നുമായിരുന്നു ജയരാജന്റെ മറുപടി.

ഗൗതം അദാനിയുടെ മകന്റെ ഭാര്യ ഡയറക്ടറായ, മുംബൈ ആസ്ഥാനമായ കമ്പനിയാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ്. കെ.പി.എം.ജി. എന്ന സ്ഥാപനത്തെ കൂടാതെയാണ് അദാനിയുടെ ബന്ധുവിന്റെ കമ്പനിയായ സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പിനെയും കെ.എസ്.ഐ.ഡി.സി. കണ്‍സള്‍ട്ടന്‍സിക്കായി സമീപിച്ചത്. ഇവര്‍ക്ക് കണ്‍സള്‍ട്ടന്‍സി ഫീസായി 55 ലക്ഷം രൂപയും നല്‍കിയിരുന്നു.

അദാനി ബന്ധം സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന മന്ത്രി ഇ പി ജയരാജന്റെ പ്രതികരണത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതാവര്‍ത്തിച്ചു. വിമാനത്താവള ബിഡിനുളള നിയമവശമാണ് ഏജന്‍സി നല്‍കിയതെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. അദാനിയുമായി ബന്ധമുളള കമ്പനി സ്വയം ഒഴിയേണ്ടതായിരുന്നു. എന്തുകൊണ്ട് അവര്‍ അങ്ങനെ ചെയ്തില്ലെന്ന് പരിശോധിക്കണം. പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നില്ക്കണം, ഒന്നിച്ചെതിര്‍ത്താല്‍ അദാനിക്ക് പിന്‍മാറേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു.

സ്വര്‍ണക്കടത്ത് വിവാദത്തിലും ലൈഫ് മിഷന്‍ തട്ടിപ്പിനും വെട്ടിലായ എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്നാലെ വിമാനത്താവള സ്വകാര്യവത്കരണത്തിലും പ്രതിരോധത്തിലായിരിക്കുകയാണ്. വിമാനത്താവളത്തിലെ ലേലനടപടികള്‍ക്കായി അദാനിയുടെ ഉറ്റബന്ധുവിനോട് നിയമോപദേശം തേടിയതാണ് ഇടതുമുന്നണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷനിലും പ്രതിക്കൂട്ടില്‍ നില്‍ക്കവെയാണ് വിമാനത്താവള വിവാദവും സര്‍ക്കാരിനെ പിന്തുടരുന്നത്.

വിമാനത്താവള സ്വകാര്യവത്ക്കരണത്തെയും അദാനിയെയും എതിര്‍ക്കുമ്പോള്‍ ഗൗതം അദാനിയുടെ മകന്റെ ഭാര്യ പിതാവിനോട് ആലോചിച്ച് ലേല നടപടികളിലേക്ക് പോയത് വിശദീകരിക്കാന്‍ ഇടതുമുന്നണി നന്നേ വിയര്‍ക്കും. വിമാനത്താവളത്തിന് വേണ്ടി ലേലതുക നിശ്ചയിച്ചത് അദാനിയുടെ മരുമകളുടെ കമ്പനിയല്ലെന്ന് പറയുമ്പോഴും ലേലനടപടികള്‍ എല്ലാം ആ കമ്പനിക്ക് അറിയാമായിരുന്നുവെന്നതും ഇടതുമുന്നണിയെ വെട്ടിലാക്കുന്നു.

 

 

chandrika: