കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ നില്‍ക്കുന്ന വയനാട് ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ സംസ്ഥാന മന്ത്രിയുടെ അടുത്ത ബന്ധുവിന് നിയമനം. വ്യവസായി വകുപ്പ് മന്ത്രി ഇപി ജയരാജന്റെ അടുത്ത ബന്ധുവിനാണ് സ്ഥാപനത്തില്‍ എച്ച്.ആര്‍ അസിസ്റ്റ്ന്റ് പദവിയില്‍ നിയമനം നല്‍കിയത്.
മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തിയ വിദഗ്ധ സര്‍ക്കാരിന് അനുകൂല റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ സി.പി.എം പ്രവര്‍ത്തകരെ കൂട്ടത്തോടെ സ്ഥാപനത്തില്‍ നിയമിക്കുകയാണെന്ന് വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ലക്ക് യൂത്ത് ലീഗ് പരാതി നല്‍കി. വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയ ജൂലൈ 4ന് ശേഷവും ഇത്തരത്തില്‍ നിയമനം നടക്കുന്നതായും ഇത് റദ്ദ് ചെയ്യണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ജീവനക്കാരുടെ കൃത്യമായ കണക്ക് സര്‍ക്കാരിലേക്ക് കൈമാറിയതിന് ശേഷവും അനധികൃത നിയമനങ്ങള്‍ നടക്കുകയാണെന്നും ജീവനക്കാരെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന മനസ്സിലാക്കിയ സി.പി.എം നേതാക്കള്‍ അനധികൃതമായി സ്വന്തക്കാരെ നിയമിക്കാന്‍ സമ്മര്‍ദ്ദം ചെയലുത്തുകയാണെന്നും മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എം. പി നവാസ് നല്‍കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ നിയമപരമായാണ് നിയമനങ്ങള്‍ നടത്തിയതെന്നും മറ്റുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.