X

ഇപി ജയരാജനെതിരായ ബന്ധുനിയമനക്കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് കോടതിയില്‍

കൊച്ചി: മുന്‍ മന്ത്രി ഇ.പി ജയരാജനെതിരായ ബന്ധുനിയമനക്കേസ് അവസാനിപ്പിക്കുന്നുവെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസില്‍ എംഡിയായി പി.കെ സുധീറിനെ നിയമിച്ചതില്‍ അഴിമതി ആരോപിക്കുന്ന കേസില്‍ പ്രതിചേര്‍ത്തതിനെതിനെതിരെ ഇ.പി ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിജിലന്‍സ് നിലപാട് അറിയിച്ചിരിക്കുന്നത്. നിയമനം വഴി സാമ്പത്തികമായോ മറ്റോ ഒരു ലാഭവും പ്രതി നേടിയിട്ടില്ല. വിവാദ നിയമനം ലഭിച്ചിട്ടും സ്ഥാനമേല്‍ക്കാത്തതു കൊണ്ട് രണ്ടാം പ്രതി പികെ സുധീറും യാതൊരു നേട്ടവുമുണ്ടാക്കയിട്ടില്ലെന്ന നിരീക്ഷണമാണ് വിജിലന്‍സ് കോടതിയെ ബോധിപ്പിച്ചത്. വിജിലന്‍സിന് വേണ്ടി ഹാജറായി വിജിലന്‍സ് ഡിവൈഎസ്പി ശ്യാംകുമാറാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

എന്നാല്‍ വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. വിജിലന്‍സ് സൂപ്പര്‍ പവറാണോ എന്ന് ചോദിച്ച കോടതി, ജനവികാരത്തിനടിപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നും പറഞ്ഞു. കേസ്  അടുത്തമാസം 10ന് വീണ്ടും പരിഗണിക്കും.

ജയരാജന്റെ ഭാര്യാ സഹോദരിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പികെ ശ്രീമതി എംപിയുടെ മകന്‍ പികെ സുധീര്‍ നമ്പ്യാറിനെ ചട്ടം ലഘിച്ചു കേരള ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചു എന്നതായിരുന്നു ജയരാജനെതിരായ കേസ്. പ്രസ്തുത തസ്തികയിലേക്ക് ശുപാര്‍ശ ചെയ്യപ്പെട്ടിരുന്ന രണ്ടു പേരുടെ പട്ടിക വെട്ടിക്കളഞ്ഞു ജയരാജന്‍ സ്വന്തം നിലക്കാണു സുധീറിനെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. നിയമന വിവാദത്തെ തുടര്‍ന്ന് ജയരാജന് മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നിരുന്നു.

chandrika: