X

ബന്ധു നിയമനം: ഇ.പി ജയരാജനെതിരെ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ ശക്തമായ നിലപാടുമായി വി.എസ് അച്യുതാനന്ദന്‍. ആരോപണത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് വി.എസ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വി.എസ്.

അതിനിടെ, പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്ത് മന്ത്രിമാരുടെയും സി.പി.എം നേതാക്കളുടെയും ബന്ധുക്കളെയും മക്കളെയും നിയമിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്ന വിവാദം എല്‍.ഡി.എഫ് സര്‍ക്കാറിനെ പിടിച്ചുലക്കുകയാണ്. വിവാദം സര്‍ക്കാറിനെ കടുത്ത പ്രതിസന്ധിലാക്കിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യവസായമന്ത്രി ഇ.പി ജയരാജനെ വിളിച്ചുവരുത്തി ശാസിച്ചു.

നിയമനത്തിലെ തന്റെ അതൃപ്തിയും മുഖ്യമന്ത്രി ജയരാജനെ അറിയിച്ചുവെന്നാണ് വിവരം. അതേസമയം, നിയമനവിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചപ്പോള്‍, എല്ലാത്തിനും ഒരുമിച്ച് മറുപടി നല്‍കാമെന്നായിരുന്നു ഇ.പി ജയരാജന്റെ മറുപടി. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായ വി.എസ് അച്യുതാനന്ദന്‍ ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.
വെള്ളിയാഴ്ച കണ്ണൂരിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്ക് ഇ.പി ജയരാജനെ വിളിച്ചുവരുത്തിയാണ് പിണറായി വിജയന്‍ ശകാരിച്ചത്. ഗസ്റ്റ്ഹൗസിലെ ഒന്നാം നമ്പര്‍ മുറിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ജയരാജന്‍ എത്തുമ്പോള്‍ പി.കെ ശ്രീമതി എം.പിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും സ്ഥലത്തുണ്ടായിരുന്നു.

ഇരുവരോടും പുറത്ത് പോകാന്‍ നിര്‍ദേശിച്ച ശേഷമായിരുന്നു ജയരാജനുമായുള്ള കൂടിക്കാഴ്ച. സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് ഈ സംഭവം കുറച്ചൊന്നുമല്ല മങ്ങലുണ്ടാക്കിയതെന്ന് പറഞ്ഞ പിണറായി, പ്രതിപക്ഷം ആയുധങ്ങള്‍ വീണുകിട്ടാന്‍ കാത്തിരിക്കുകയാണെന്നും സര്‍ക്കാറിനെ അടിക്കാനുള്ള വടി ഭരിക്കുന്നവര്‍ തന്നെ നല്‍കരുതെന്നും ശകാരിച്ചു. നിയമനത്തിന് മുന്‍പ് തന്നോട് ആലോചിക്കാമായിരുന്നെന്ന് പറഞ്ഞ മുഖ്യമന്ത്രി, പിന്നീട് ജയരാജന്‍ നടത്തിയ പ്രസ്താവനയെയും വിമര്‍ശിച്ചു. പല സ്ഥാപനങ്ങളുടേയും തലപ്പത്ത് തന്റെ ബന്ധുക്കള്‍ ഉണ്ടാവുമെന്നായിരുന്നു നിയമനവിവാദത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് ജയരാജന്‍ പ്രതികരിച്ചത്. അരമണിക്കൂര്‍ നേരം ജയരാജനുമായി സംസാരിച്ച മുഖ്യമന്ത്രി, ഇത്തരം വിവാദങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും താക്കീത് നല്‍കി.

അതേസമയം, ആശ്രിത നിമയനം നടത്തിയ ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. നിയമനം റദ്ദാക്കിയാലും ആശ്രിത നിയമനകേസ് നിലനില്‍ക്കുമെന്നാണ് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നത്. നേതാക്കളുടെ മക്കളുടെ മുഴുവന്‍ നിയമനങ്ങളും അന്വേഷിക്കണന്നെ് ആവശ്യപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും വിജിലന്‍സ് ഡയരക്ടറെ സമീപിച്ചിട്ടുണ്ട്.

Web Desk: