തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സിപിഎമ്മിനുള്ളില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴി മരുന്നിടുന്നു. സ്വപ്‌ന സുരേഷുമൊത്തുള്ള തന്റെ മകന്‍ ജെയ്‌സണിന്റെ ഫോട്ടോ പുറത്തുവിട്ടത് ബിനീഷ് കോടിയേരിയാണെന്ന ഇപി ജയരാജന്റെ വാദമാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയാണ് ജയരാജന്‍ ഉന്നം വയ്ക്കുന്നത് എന്ന് വ്യക്തം.
പാര്‍ട്ടിക്കുള്ളിലെ കണ്ണൂര്‍ ലോബിയിലാണ് ചേരിതിരിവ് രൂക്ഷമാകുന്നത് എന്നതാണ് ശ്രദ്ധേയം. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ലോബിയിലെ പ്രധാനികളാണ് ഇപിയും കോടിയേരിയും. നേരത്തെ, വിഎസ് അച്യുതാനന്ദനെ മെരുക്കാന്‍ ഒന്നിച്ച കരങ്ങളാണ് ഇപ്പോള്‍ മക്കളുടെ പേരില്‍ ചേരിതിരിഞ്ഞു നില്‍ക്കുന്നത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നേതൃത്വവുമായി അത്ര സുഖകരമായ ബന്ധത്തിലല്ല ഉള്ളത്. ഇപിയും പി ജയരാജനും ഒന്നിച്ചാല്‍ അത് പിണറായിക്കും കോടിയേരിക്കും വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പിണറായിക്കു പിന്നില്‍ അടിയുറച്ചു നില്‍ക്കുന്ന കോടിയേരിയെ വീഴ്ത്താന്‍ പുതിയ ഗ്രൂപ്പുകള്‍ ഉണ്ടായാലും അത്ഭുതപ്പെടേണ്ടതില്ല. നേരത്തെ ബന്ധു നിയമന വിവാദത്തില്‍ ഇപി ജയരാജന്റെ രാജിക്ക് മുറവിളി കൂട്ടിയത് കണ്ണൂര്‍ ലോബിയിലെ ഒരു വിഭാഗമാണ്.
2018 ലാണ് സ്വപ്‌ന സുരേഷിന് മന്ത്രി ഇപി ജയരാജന്റെ മകന്‍ പാസ്‌പോര്‍ട്ട് സംബന്ധമായ പ്രശ്‌നം പരിഹരിച്ച് നല്‍കിയതിന്റെ പ്രത്യുപകാരമായി വിരുന്ന് സംഘടിപ്പിച്ചത്. ബിനീഷ് കോടിയേരി മുഖേനയാണ് ജയ്‌സന്‍ സ്വപ്‌നയെ പരിചയപ്പെട്ടത്. വിരുന്നിന് വേണ്ട കാര്യങ്ങള്‍ ചെയ്തത് ബിനീഷായിരുന്നു. സ്വപ്‌നയും ബിനീഷും ജയ്‌സനുമടക്കം ഏഴു പേര്‍ മാത്രം പങ്കെടുത്ത പാര്‍ട്ടിക്കിടെ എടുത്ത മൊബൈല്‍ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്.