തിരുവനന്തപുരം: ഇ.പി ജയരാജന്‍ വീണ്ടും മന്ത്രി സഭയിലേക്കെന്ന് സൂചന. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ജയരാജന്‍ കായികമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇതുസംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ധാരണയായതായി ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വെള്ളിയാഴ്ച്ച നടക്കും. ഇതില്‍ ജയരാജന്റെ മടങ്ങിവരവ് ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. തിങ്കളാഴ്ച്ച നടക്കുന്ന എല്‍.ഡി.എഫ് യോഗത്തിന് മുമ്പ് സി.പി.ഐയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതായിരിക്കും.
പിണറായി വിജയന്‍ മന്ത്രിസഭയിലെ വ്യവസായകായിക മന്ത്രിയായിരിക്കെ ഉയര്‍ന്ന ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ടു 2016 ഒക്ടോബറില്‍ രാജി വെക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇ.പി ജയരാജന്‍ കേരള കര്‍ഷക സംഘം പ്രസിഡന്റ് കൂടിയാണ്.
ഫോണ്‍വിളി വിവാദത്തില്‍ രാജിവെച്ചൊഴിഞ്ഞ ഗതാഗത മന്ത്രി ഏ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനായതിനുശേഷം മന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജയരാജന്റെ മന്ത്രിസ്ഥാനത്തേക്കുള്ള തിരിച്ചുവരവ് പാര്‍ട്ടിയുടെ ആഭ്യന്തരതലങ്ങളില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് തിരിച്ചെത്തിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു.