X

സീതാദേവി ടെസ്റ്റ് ട്യൂബ് ശിശുവെന്ന് യു.പി ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മ

ലഖ്‌നൗ: പുരാണങ്ങളുമായി ആധുനികതയെ കൂട്ടിക്കെട്ടുന്ന വിചിത്രമായ പ്രസ്താവനകള്‍ക്ക് കുറവില്ല. രാമായണ കാലത്തും ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ ഉണ്ടായിരുന്നുവെന്ന യു.പി ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മയുടെ പ്രസ്താവനയാണ് പുതിയത്. ഇതിന് തെളിവാണ് സീതയുടെ ജനനമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത് മഹാഭാരത കാലത്താണെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് രാമായണ കാലത്തും ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ ഉണ്ടായിരുന്നെന്ന വിചിത്രവാദവുമായി ബിജെപി മന്ത്രി രംഗത്തെത്തിയത്.

 

സീത ഒരു മണ്‍പാത്രത്തില്‍ നിന്ന് ജനിച്ചതായാണ് പറയുന്നത്. രാമായണ സമയത്ത്, ടെസ്റ്റ് ട്യൂബ് ശിശു പോലെ ഒരു ആശയം നിലവിലുണ്ടായിരുന്നു. ഇന്നത്തെ വിമാനവും അയോധ്യയില്‍ നിന്ന് ലങ്കയിലേക്ക് രാമന്‍ യാത്രചെയ്ത പുഷ്പക വിമാനവും ഒന്നുതന്നെ. ലക്‌നൗവിലെ ഒരു ചടങ്ങില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു.തിമിര ശസ്ത്രക്രിയ, പ്ലാസ്റ്റിക് ശസ്ത്രക്രിയ, ഗുരുത്വാകര്‍ഷണ സിദ്ധാന്തം, ആറ്റോമിക് ടെസ്റ്റുകള്‍, ഇന്റര്‍നെറ്റ് തുടങ്ങിയ പുരാതന സാങ്കേതികവിദ്യകള്‍ പുരാണങ്ങളിലാണ് ആരംഭിച്ചത്.

അക്കാലത്തും ഇന്റര്‍നെറ്റും തത്സമയ സംപ്രേഷണവും ഉണ്ടായിരുന്നുവെന്നും മഹാഭാരത യുദ്ധം ധൃതരാഷ്ട്രര്‍ തത്സമയം കണ്ടിരുന്നുവെന്നും ദിനേഷ് ശര്‍മ്മ പറഞ്ഞിരുന്നു. കാഴ്ച ശേഷിയില്ലാതിരുന്ന ധൃതരാഷ്ട്രര്‍ക്ക് കുരുക്ഷേത്ര യുദ്ധത്തില്‍ പതിനെട്ട് ദിവസവും നടന്ന കാര്യങ്ങള്‍ സഞ്ജയ ഹസ്തിനപുരത്ത് ഇരുന്ന് വിവരിച്ചുനല്‍കിയത് മാധ്യമപ്രവര്‍ത്തനം തന്നെയല്ലെ. അദ്ദേഹം നാരദനെ ഗൂഗിളിനോട് ഉപമിക്കുകയും ചെയ്തിരുന്നു. ഹിന്ദി ജേര്‍ണലിസം ദിനത്തില്‍ സംസാരിക്കവെയാണ് ആധുനിക നേട്ടങ്ങള്‍ പൗരാണിക ഇന്ത്യയുമായി കൂട്ടിക്കെട്ടുന്ന പ്രസ്താവനകള്‍ ദിനേഷ് ശര്‍മ്മ നടത്തിയിരുന്നത്.

മഹാഭാരതത്തിന്റെ കാലത്ത് ഇന്റര്‍നെറ്റ് നിലവിലുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലപ് ദേവ് പറഞ്ഞിരുന്നു.  സീതയെ ഭൗതിക ലോകവുമായി എങ്ങനെ ബന്ധിപ്പിക്കാന്‍ സാധിക്കുമെന്നും അവര്‍ ലക്ഷ്മീദേവിയുടെ അവതാരമാണെന്നും ഇത്തരം പ്രസ്താവനകള്‍ സീതാദേവിയെയും സനാതന ധര്‍മത്തെയും അപമാനിക്കുന്നതാണെന്നും അഖില ഭാരത ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി പറഞ്ഞു.

chandrika: