X

ലോകം സാക്ഷി, ഇവന്‍ സിസു രണ്ടാമന്‍

മാഡ്രിഡ്: ടീം ബെഞ്ചില്‍ സിസു…. രണ്ടാം പകുതിയില്‍ അദ്ദേഹം സബ്സ്റ്റിറ്റിയൂഷന് നിര്‍ദ്ദേശം നല്‍കി…. ക്യാമറാ കണ്ണുകള്‍ പുതിയ താരത്തിലേക്ക്…. മൈതാനത്തേക്ക് സീനിയര്‍ കുപ്പായത്തില്‍ കന്നി മല്‍സരത്തിനിറങ്ങുന്ന താരത്തിന് അരികിലെത്തി സിസു എന്തോ പറഞ്ഞു-എന്‍സോ സിദാന്‍ കളത്തിലിറങ്ങുകയാണ്…. തന്റെ മൂത്ത മകന്‍ മൈതാനത്തിറങ്ങുന്നതിന്റെ ടെന്‍ഷന്‍ പക്ഷേ സിസുവിന്റെ മുഖത്തില്ല….കോപ്പാ ഡെല്‍റേ ടൂര്‍ണമെന്റില്‍ റയല്‍ മാഡ്രിഡിനായി കളിച്ച സിദാന്റെ മകന്‍ എന്‍സോ അടങ്ങിയ ടീം 6-1 നാണ് കള്‍ച്ചറല്‍ ലിയോണിസയെ പരാജയപ്പെടുത്തിയത്.

ഇരു പാദങ്ങളിലായി ലിയോണിസയെ റയല്‍ 13-2 നാണ് പരാജപ്പെടുത്തിയത്. സിദാന്റെ നാല് മക്കളില്‍ മൂത്തയാളാണ് എന്‍സോ. മൂന്നാം ഡിവിഷന്‍ ക്ലബ്ബ് കള്‍ച്ചറല്‍ ലീയോണീസക്കെതിരെ ആദ്യ പാദത്തില്‍ 7-1ന്റെ ജയം നേടിയതിനാല്‍ ആദ്യ 16 ല്‍ ഇടം ഉറപ്പാക്കിയ ആത്മവിശ്വാസത്തിലാണ് 21 കാരന്‍ മകനെ സിദാന്‍ കളത്തിലിറക്കിയത്. സാന്റിയാഗോ ബെര്‍ണേബ്യു സ്‌റ്റേഡിയത്തില്‍ എന്‍സോ ഗോള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ കാണികള്‍ എന്‍സോയെ കയ്യടികളോടെ സ്വീകരിക്കുകയും ചെയ്തു. റയലിന് വേണ്ടി അരങ്ങേറ്റം കുറിച്ചതിനൊപ്പം സ്‌കോര്‍ നേടാന്‍ കൂടി സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് എന്‍സോ മത്സര ശേഷം പറഞ്ഞു. പിതാവിന്റെ പരിശീലനത്തിന്‍ കീഴിലായിരുന്നു വിജയം. ഇതും സന്തോഷം പകരുന്നുവെന്ന് എന്‍സോ കൂട്ടിച്ചേര്‍ത്തു.

അതേ സമയം പിതാവെന്ന നിലയിലും പരിശീലകനെന്ന നിലയിലും താന്‍ ഈ അവസരത്തില്‍ ഏറെ സന്തോഷവാനാണെന്നായിരുന്നു സിദാന്റെ പ്രതികരണം. പ്രീ സീസണ്‍ ടൂറില്‍ എന്‍സോയെ നേരത്തെ തന്നെ പരീക്ഷിച്ചിട്ടുള്ള സിദാന്‍ ഇതാദ്യമായാണ് ഒരു വലിയ മത്സരത്തിന് മകനെ രംഗത്തിറക്കുന്നത്. പകുതി കഴിഞ്ഞ് കളത്തില്‍ എത്തിയ എന്‍സോ 63-ാം മിനിട്ടില്‍ ഗോള്‍ സ്‌കോര്‍ ചെയ്തു. സിദാന്റെ മറ്റൊരു മകന്‍ ക്ലബ്ബിന്റെ യുവ ടീമിന്റെ ഗോള്‍കീപ്പറാണ്. പരിചയ സമ്പന്നരില്‍ മിക്കവരെയും പുറത്തിരുത്തി ടീമിനെ ഇറക്കിയ സിദാന്‍ നോര്‍വെ മിഡ്ഫീള്‍ഡര്‍ 17-ാകാരന്‍ മാര്‍ട്ടിന്‍ ഒഡേഗാര്‍ഡിനും അരങ്ങേറ്റത്തിന് അവസരം നല്‍കി. മരിയോ ഡയസ് ഹാട്രിക് നേടിയ മത്സരത്തില്‍ ജെയിംസ്, മോര്‍ഗാഡോ എന്നിവരായിരുന്നു റയലിന്റെ മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍.

chandrika: