X

താളം തെറ്റുന്ന കാലം

ജോസ് ചന്ദനപ്പള്ളി

‘ഈ മനോഹര തീരത്തുതരുമോ ഇനിയൊരു ജന്മം കൂടി’ എന്ന് വയലാര്‍ എഴുതി. ഈ മണ്ണും വിണ്ണും സുന്ദരതീരവുമെല്ലാം അത്രമാത്രം കൊതിപ്പിക്കുന്നതാണ്. പക്ഷെ, അത് എത്രനാള്‍? ജീവന്‍ എന്ന വിസ്മയത്തിന്റെ സാന്നിധ്യമുള്ള ഭൂമിയില്‍ താളം തെറ്റുന്ന കാലം കാണുമ്പോള്‍, ഈ മനോഹര തീരം എത്രനാള്‍ എന്ന ചോദ്യം പ്രകൃതിയെ സ്‌നേഹിക്കുന്നവരുടെ ഉള്ളില്‍ അറിയാതെ ഉയരുന്നു. എല്ലാ ജീവജാലങ്ങള്‍ക്കും പങ്കിട്ടനുഭവിക്കാനുള്ള ഭൂമിയിലെ വിഭവങ്ങള്‍, വിവേകി എന്നു കരുതുന്ന മനുഷ്യന്റെ അവിവേകങ്ങള്‍ ഈ നീല ഗ്രഹത്തിന്റെ സമതുലിതാവസ്ഥയുടെ താളം തെറ്റിക്കുന്നു. മനുഷ്യ നിര്‍മ്മിതമായ കാരണങ്ങളാല്‍ ചൂട് വര്‍ധിച്ച് ഭൂമി വാസയോഗ്യമല്ലാതാകുന്ന കാലം വിദൂരമല്ലെന്ന് ശാസ്ത്രം പറയുന്നു. ഗുരുതരമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ വിരല്‍ ചൂണ്ടുന്ന വല്ലാത്ത കാലത്തെ കുറിച്ച് അന്തര്‍ദേശീയ തലത്തില്‍ അവബോധം ഉണ്ടാക്കുക, കാലാവസ്ഥാ വ്യതിയാനങ്ങള്‍ തടയാനുള്ള രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങള്‍.
മാര്‍ച്ച് 23 ലോക കാലാവസ്ഥാ ദിനമാണ്. 189 രാജ്യങ്ങളില്‍ നടക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് 1950 മാര്‍ച്ച് 23 ന് രൂപീകൃതമായ വേള്‍ഡ് മീറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജന്‍സിയായി 1951 മുതല്‍ ഇതിനെ പരിഗണിക്കുന്നു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പാനലിന്റെ നേതൃത്വത്തിലാണ് കാലാവസ്ഥാ ദിന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കാലാവസ്ഥക്ക് അനുസൃതമായ പ്രവര്‍ത്തനങ്ങള്‍ക്ക് കാലാവസ്ഥാ വിജ്ഞാനം എന്നതായിരുന്നു 2015-ലെ ലോക കാലാവസ്ഥാദിന സന്ദേശം. ഒീേേലൃ, റൃശലൃ, ംലേേലൃ എമരല വേല ളൗൗേൃല എന്നതാണ് ഈ വര്‍ഷത്തെ കാലാവസ്ഥ ദിന സന്ദേശം. കാലാവസ്ഥ ശരിയല്ലെങ്കില്‍ ഭൂമി തളരും. എല്ലാ ജീവികളെയും അത് ബാധിക്കും.
വേനലും മഞ്ഞും മഴയുമൊക്കെയായി കാലത്തിന് ഒരു കൃത്യമായ താളമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമയം തെറ്റിയ നാഴികമണി പോലെയായി കാലം. വസന്തവും ഗ്രീഷ്മവും ശരത്തും ശിശിരവുമൊക്കെ അതിന്റെ ക്രമത്തില്‍ തന്നെ കടന്നുപോകുമെന്ന് ഒരുറപ്പുമില്ല. ചൂടുള്ള ദിവസങ്ങളുടെ എണ്ണം കൂടുകയും തണുപ്പുള്ള ദിവസങ്ങളുടെ എണ്ണം കുറയുമാണിപ്പോള്‍. പ്രവചനാതീതമായ രീതിയില്‍ കാലാവസ്ഥ തകിടം മറിയുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരതകള്‍ കണ്ടുതുടങ്ങിയിട്ട് നാളേറെയായി. ഭൗമാന്തരീക്ഷത്തിലെ ചൂട് കൂടിവരുന്നതിനെയാണ് ആഗോള താപനം എന്നുപറയുന്നത്. കാലത്തിന്റെയും പ്രകൃതിയുടെയും താളം തെറ്റിക്കുന്ന വിധത്തിലുള്ള മനുഷ്യന്റെ ചില ഇടപെടലുകളാണ് ഇതിന് കാരണമെന്ന് ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുണ്ട്.
കാലാവസ്ഥയിലെ മാറ്റം ലോകം ശ്രദ്ധിച്ചു തുടങ്ങിയത് 1990 കള്‍ക്കുശേഷമാണ്. ഹിമാലയത്തിലേയും ആര്‍ട്ടിക് പ്രദേശങ്ങളിലേയും ഗ്രീന്‍ലാന്റിലേയും മഞ്ഞ് പുതപ്പ് ഇപ്പോള്‍ തന്നെ അതിവേഗം ഉരുകിക്കൊണ്ടിരിക്കുകയാണ്. ഇത് ഭൂമിയില്‍ ശുദ്ധജലക്ഷാമം രൂക്ഷമാക്കും. മഞ്ഞുരുകിയാല്‍ സമുദ്ര ജലനിരപ്പുയരും. അതോടെ ഉപ്പുവെള്ളം നദിയിലേക്ക് തള്ളിക്കയറും. ഇത് ശുദ്ധ ജല സ്രോതസ്സുകളെ അശുദ്ധമാക്കും. നെല്‍പ്പാടങ്ങള്‍ മുങ്ങിപ്പോകുന്നതിന്റെ ഫലമായി പട്ടിണി പെരുകും. മുംബൈ അടക്കമുള്ള തീരനഗരങ്ങള്‍ വെള്ളത്തിനടിയിലാകും. മാലദ്വീപ് ഉള്‍പ്പെടെ പല രാജ്യങ്ങളെയും കടല്‍ വിഴുങ്ങുന്നു. വേനല്‍ക്കാലങ്ങളിലും ജലം സുഭിക്ഷമായിരുന്ന ഗംഗ, ബ്രഹ്മപുത്ര പോലുള്ള നദികള്‍ വറ്റിപ്പോകും. കുടിവെള്ളം കിട്ടാക്കനിയാകും. കടലിലെ ലവണാംശം കുറയും. ഇതോടെ കടല്‍ജീവികളും ഇല്ലാതാവും. ആഗോള കാലാവസ്ഥ മാറിമറിയുന്നതോടെ കാര്‍ഷിക മേഖല തകരും. രോഗങ്ങള്‍ പെരുകും.
കൊടുങ്കാറ്റുകളും അതിന്റെ ദുരന്ത ഫലങ്ങളും ആഗോള താപനത്തിന്റെ സൃഷ്ടിയാണ്. അസമമായ അന്തരീക്ഷ താപനില, ശക്തിയേറിയ കൊടുങ്കാറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. വേനലിലും ജലസാന്നിധ്യമേകിയിരുന്ന മഞ്ഞുമലകളില്‍ നിന്ന് ഉത്ഭവിച്ചിരുന്ന നദികളില്‍ ഇന്ന് ജലസ്രോതസ് ദുര്‍ബലമായിരിക്കുന്നു. ആഗോള താപനത്തിന്റെ ഫലമായി ഹിമാനികള്‍ ശോഷിച്ചതാണിതിനുകാരണം. ഭൗമാന്തരീക്ഷ താപനില ഉയരുന്നതോടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. മലേറിയ, ഡങ്കിപ്പനി, ചിക്കന്‍ഗുനിയ, മസ്തിഷ്‌ക ജ്വരം, ഹൃദ്രോഗം തുടങ്ങിയവ അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകും. ഒപ്പം സമുദ്ര ജലത്തില്‍ ചൂട് കൂടുമ്പോള്‍ അതിലെ ജൈവ വൈവിധ്യ കലവറക്കാകമാനം നാശം സംഭവിക്കും. ആഗോള താപന ഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം കാനനങ്ങളില്‍ ജീവിക്കുന്ന ജൈവ വൈവിധ്യത്തെയും സാരമായി ബാധിക്കും. വനത്തിലെ താപനില ഉയരുകയും ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറയുകയും ചെയ്യുമ്പോള്‍ അവിടെ ജീവിക്കുന്ന വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങും. ഇന്നത്തെ നിലയില്‍ ഭൗമാന്തരീക്ഷത്തിലെ താപനില തുടര്‍ന്നാല്‍ 100 കൊല്ലത്തിനുള്ളില്‍ 50 ശതമാനം ജീവജാലങ്ങളും ഇല്ലാതാകും.
കാലാവസ്ഥയും അന്തരീക്ഷ ദിനസ്ഥിതിയും നിത്യജീവിതവുമായി ഏറെ ബന്ധപ്പെട്ടതാണ്. അക്കാരണത്താല്‍ തന്നെ കാലാവസ്ഥ, കാലാവസ്ഥാ വ്യതിയാനങ്ങള്‍, ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ എന്നിവ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ കാലേക്കൂട്ടി ആസൂത്രണം ചെയ്യാനും ഏകോപിപ്പിക്കാനും സഹായിക്കും. ഗുരുതരമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍, സാമൂഹിക – സാമ്പത്തിക മേഖലകളില്‍ ഗുരുതരമായ വിപത്തുകളാണുണ്ടാക്കുന്നത്. കാലാവസ്ഥാ മാറ്റം വിശിഷ്യ, മഴയുടെ ലഭ്യതയിലും ശക്തിയിലുമുണ്ടാകുന്ന മാറ്റം ഭക്ഷ്യ സുരക്ഷ ഇല്ലാതാക്കും. കൃഷിയിലേല്‍ക്കുന്ന കനത്ത ആഘാതങ്ങളുടെ ഫലമായി ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തില്‍ കുറവു വരുന്നതാണ് ഇതിനു കാരണമാകുന്നത്.
ലോക കാലാവസ്ഥാ പരിസ്ഥിതി ദിനം ഉയര്‍ത്തുന്ന ചിന്തകള്‍ ഭൂമിയെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനുവേണ്ടിയാവണം. ജല ഉപയോഗത്തില്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തണം. മഴവെള്ള സംഭരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും മരങ്ങള്‍ സംരക്ഷിക്കുകകയും വേണം. വൈദ്യുതി ഉപയോഗം കുറച്ചും മാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ചും ഹരിത ഗൃഹ വാതകങ്ങള്‍ വര്‍ധിക്കാനിടയായ സാഹചര്യം ഒഴിവാക്കുണം.
മോട്ടോര്‍ വാഹനങ്ങളുടെ ഉപയോഗം കുറക്കുന്നതിലൂടെയും കൂടുതല്‍ ഇന്ധനക്ഷമമായ വാഹനങ്ങള്‍, പൊതു വാഹനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കാനും അന്തരീക്ഷത്തിലേക്കുതള്ളുന്ന കാര്‍ബണ്‍ഡൈയോസൈഡിന്റെ അളവ് കുറക്കാനും സാധിക്കും. ഊര്‍ജ്ജ ഉപഭോഗം കഴിയുന്നത്ര കുറക്കുന്നതും വൈദ്യുതി ഉപയോഗം പരമാവധി ചുരുക്കുന്നതും ഭൂമിക്ക് ചെയ്യാവുന്ന ചില കരുതലുകളാണ്. സൗരോര്‍ജ്ജത്തിന്റെയും കാറ്റ്, തിലമാല എന്നിവയില്‍ നിന്നുള്ള ഊര്‍ജ്ജത്തിന്റെയും സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതും ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളാണ്. സാമൂഹ്യ വനവത്കരണ പ്രക്രിയയിലൂടെ ഭൂമിയുടെ വനവിസ്തൃതി വര്‍ധിപ്പിക്കുക വഴി അന്തരീക്ഷത്തിലെ താപവര്‍ധനയുടെ ഹേതുവായ കാര്‍ബണ്‍ ഡൈയോക്‌സൈഡിന്റെ അളവ് കുറക്കും. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറക്കണം. അത് മണ്ണിലേക്ക് വലിച്ചെറിയാതിരിക്കുകയും വേണം. നദികളും കുളങ്ങളും കിണറുകളും മലിനമാകാതെ സംരക്ഷിക്കുകയും ഒരു മരം മുറിച്ചാല്‍ പകരം പത്തുതൈകളെങ്കിലും നട്ടുവളര്‍ത്തുകയും വേണം.

chandrika: