മണാലി: കോവിഡ് പരിശോധനയില്‍ ഒരാളൊഴികെ എല്ലാവര്‍ക്കും കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച് ഹിമാചല്‍ പ്രദേശിലെ ഒരു ഗ്രാമം. ലാഹോള്‍ ആന്‍ഡ് സ്പിറ്റി ജില്ലയിലെ തൊറാങ് ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ ഭൂഷണ്‍ താക്കൂര്‍ എന്ന 52 കാരന്റെ മാത്രമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. എന്നാല്‍ ഇദ്ദേഹത്തിന്റെ ഭാര്യ ഉള്‍പ്പടെ വീട്ടിലെ അഞ്ച് പേര്‍ക്ക് കോവിഡ് പോസിറ്റിവാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഗ്രാമത്തില്‍ ഈയിടെ എല്ലാവരും ഒരു മതപരമായ ചടങ്ങിനായി ഒത്തുചേര്‍ന്നിട്ടുണ്ടെന്നും ഇതിനിടെ സംഭവിച്ച വീഴ്ച്ചയാകാം കോവിഡ് വ്യാപനത്തിലേക്ക് വഴിവെച്ചതെന്നും ടൈം ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹിമാചലില്‍ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ ജില്ലകളിലൊന്നാണ് ലാഹോള്‍ ആന്‍ഡ് സ്പിറ്റി. ജില്ലയില്‍ 856 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
ഹിമാചല്‍ പ്രദേശില്‍ 32,197 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 488 പേര്‍ സംസ്ഥാനത്ത് ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചു. 24,729 പേരാണ് ഇവിടെ രോഗമുക്തി നേടിയത്.