X

കൊച്ചിയില്‍ ആവേശ സമനില

ഐ.എസ്.എല്ലില്‍ ആവേശം നിറച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയിന്‍ എഫ്.സി മത്സരം. ഇരുടീമുകളും 3 ഗോളുകള്‍ വീതം നേടി സമനില പാലിച്ചു. ആദ്യ മിനിറ്റില്‍ തന്നെ വലചലിപ്പിച്ച് ചെന്നൈയിന്‍ എഫ് സിയാണ് ആവേശപോരിന് തുടക്കം കുറിച്ചത്. ചെന്നൈന് അനുകൂലമായി വിധിക്കപ്പെട്ട ഫ്രീ ക്വീക്കില്‍ നാടകീയ രംഗങ്ങളാണ് കണ്ടത്.

റാഫേല്‍ ക്രിവെല്ലാരോ 35 വാരയോളം പിന്നില്‍ നിന്നെടുത്ത ഫ്രീ ക്വിക്ക് റഹീം അലിയെയും ജോര്‍ദാന്‍ മുറെയെയും മറികടന്ന് വലയിലേക്ക് . ഇരുവരും പന്തില്‍ ടച്ച് ചെയ്തില്ലെങ്കിലും ഗോള്‍ റഹീം അലിയുടെ പേരില്‍ വിധിച്ചു. ടെലിവിഷന്‍ റീപ്ലേകളില്‍ റഹീം അലി ഓഫ്‌സൈഡിലാണെന്ന സംശയവും ശക്തമായിരുന്നു.

10 മിനിറ്റിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് മറുപടി നല്‍കി. ബ്ലാസ്റ്റേഴ്‌സ് താരം ക്വാമി പെപ്രയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ദിമിത്രിയോസ് ഡയമന്റക്കോസ് വലയിലെത്തിച്ചു. പക്ഷേ ആഘോഷങ്ങള്‍ അവസാനിക്കും മുന്‍പേ 13-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ചെന്നൈന്റെ ജോര്‍ദാന്‍ മുറെ വലയിലെത്തിച്ചു.

19-ാം മിനിറ്റിലെ ചെന്നൈന്‍ വലചലിപ്പിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. ബ്ലാസ്റ്റേഴ്‌സ് കീപ്പര്‍ സച്ചിനെ ഫൗള്‍ ചെയ്തതാണ് ചെന്നൈക്ക് തിരിച്ചടിയായത്. പക്ഷേ 24-ാം മിനിറ്റില്‍ ചെന്നൈയിന്‍ വീണ്ടും മുന്നിലെത്തി. വീണ്ടും ജോര്‍ദാന്‍ മുറെയാണ് ഗോള്‍ നേടിയത്. ഇതോടെ ഒന്നിനെതിരെ 3 ഗോളിന് ചെന്നൈന്‍ മുന്നിലെത്തി.

37-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു. ക്വാമി പെപ്ര സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ കുറിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ചെന്നൈയിന്‍ 3-2ന് മുന്നിലായിരുന്നു. രണ്ടാം പകുതി ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ ആക്രമണങ്ങള്‍ക്കായിരുന്നു സാക്ഷ്യം വഹിച്ചത്. 58-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് സമനില നേടി. കിടിലന്‍ ഷോട്ടിലൂടെ വീണ്ടും ദിമിത്രിയോസ് ഡയമന്റക്കോസ് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി.

തുടര്‍ച്ചയായുള്ള ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങള്‍ ചെന്നൈയിന്‍ പ്രതിരോധം കഷ്ടപ്പെട്ട് തടഞ്ഞിട്ടു. 75 മിനിറ്റിന് ശേഷം ചെന്നൈയിന്‍ താളം വീണ്ടെടുത്തു. എങ്കിലും അവസാന മിനിറ്റുകളില്‍ ഗോള്‍ പിറക്കാതെ വന്നതോടെ മത്സരം സമനിലയില്‍ അവസാനിച്ചു

 

webdesk13: