X

‘ദി ഫ്‌ലൈയിങ് ലോട്ടസ്’;മോഡിയുടെ നോട്ട് നിരോധനത്തെക്കുറിച്ച് പാട്ടിറക്കി എ.ആര്‍ റഹ്മാന്‍

മുംബൈ: നരേന്ദ്രമോദി സര്‍ക്കാറിന്റെ ഏറ്റവും വലിയ സാമ്പത്തീക പരിഷ്‌ക്കാരമായ നോട്ട് അസാദുവാക്കല്‍ പദ്ധതി നടപ്പിലാക്കി ഒരു വര്‍ഷം പിന്നിടുമ്പോള്‍ അതിനെക്കുറിച്ച് ഗാനം പുറത്തിറക്കിയിരിക്കുകയാണ് സംഗീത ചക്രവര്‍ത്തി എ ആര്‍ റഹ്മാന്‍. 19 മിനിട്ട് ദൈര്‍ഘ്യമുള്ള ഗാനത്തിന്റെ പേരില്‍ ബിജെപി ചിഹ്നമായ താമരയുമുണ്ട്. ‘ദ ഫഌിങ് ലോട്ടസ്’ എന്നാണ് റഹ്മാന്‍ ഗാനത്തിന് പേരിട്ടിരിക്കുന്നത്.

ഗാനം നോട്ട് അസാധുവാക്കല്‍ സമൂഹത്തിലുണ്ടാക്കിയ അനന്തരഫലങ്ങളേക്കുറിച്ചാണെന്നും വ്യാഖ്യാനങ്ങള്‍ക്കായി സമര്‍പ്പിക്കുകയാണെന്നും എ ആര്‍ റഹ്മാന്‍ പറഞ്ഞു. നോട്ടു നിരോധനം വിമര്‍ശന വിധേയമാകുന്ന കാലത്താണ് റഹ്മാന്റെ സംഗീത ശില്‍പം എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

യുഎസിലെ സിംഫണി ഓര്‍ക്കസ്ട്രയായ സീറ്റില്‍ സിംഫണിയുമായി ചേര്‍ന്നാണ് സംഗീതമൊരുക്കിയത്. യൂണിവേഴ്‌സല്‍ മ്യൂസിക് ഇന്ത്യ പുറത്തിറക്കിയ സംഗീത ആല്‍ബത്തിന്റെ കോപ്പികള്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കു റഹ്മാന്‍ അയച്ചു കൊടുക്കുന്നുണ്ട്. തന്റെ പ്രശസ്ത ഗാനം ഊര്‍വശീ ഊര്‍വശീ പാട്ടിന് അടുത്തിടെ ഇറക്കിയ മറ്റൊരു പതിപ്പില്‍ റഹ്മാന്‍ നോട്ടു നിരോധനത്തേയും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയ ഡൊണാള്‍ഡ് ട്രംപിനേയും കുറിച്ചും പാടിയിരുന്നു. ഈ വേര്‍ഷന്‍ വന്‍ ജനപ്രീതി നേടിയിരുന്നു.

രാജ്യത്ത് കള്ളപ്പണം ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടി എന്നു പറഞ്ഞു കൊണ്ട് കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി 500,1000 രൂപ നോട്ടുകള്‍ നിരോധിച്ചത്. അന്നു മുതല്‍ക്കേ ഈ നീക്കത്തിന് വലിയ വിമര്‍ശനങ്ങളാണ് സാധാരണക്കാര്‍ക്കിടയില്‍ നിന്നും സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓസ്‌കറും ഗ്രാമിയും ബാഫ്തയും ഉള്‍പ്പെടെയുള്ള ലോകോത്തര പുരസ്‌കാരങ്ങള്‍ നേടിയൊരു സംഗീതജ്ഞന്‍ ഈ വിഷയത്തെ കുറിച്ചൊരു ഗാനം പുറത്തിറക്കുമ്പോള്‍ അത്രയും കൗതുകത്തോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചപ്പോള്‍ റഹ്മാന്‍ രംഗത്തെത്തിയിരുന്നു. ഇതല്ല എന്റെ ഇന്ത്യയെന്നായിരുന്നു റഹ്മാന്റെ പ്രതികരണം. എന്നാല്‍ റഹ്മാന്റെ പ്രതികരണത്തെ എതിര്‍ത്ത് ഒരു വിഭാഗം രംഗത്തു വന്നു. പാകിസ്താനിലേക്ക് പൊയ്‌ക്കൊള്ളൂ എന്ന ആക്രോശവുമായാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും റഹ്മാനെ എതിരേറ്റത്.

chandrika: