ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് തലവരിപ്പണം വാങ്ങിയെന്ന പരാതി അന്വേഷിക്കണമെന്ന് സുപ്രീംകോടതി. പ്രവേശന മേല്‍നോട്ടസമിതി രേഖകള്‍ പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു.
മെഡിക്കല്‍ പ്രവേശനത്തിന് ഒരു കോടിക്കുമേല്‍ തുക തലവരിപ്പണം വാങ്ങിയെന്ന് മേല്‍നോട്ട സമിതിക്ക് മുമ്പാകെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതി നല്‍കിയിരുന്നു. ഒരു വിദ്യാര്‍ഥിയില്‍ നിന്ന് മാത്രം 1,01,17000 രൂപ വാങ്ങിയെന്നാണ് പരാതി. അഞ്ച് വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങിയ തുക അരക്കോടിക്ക് മുകളിലാണ്. അവശേഷിക്കുന്നവരില്‍ നിന്ന് 20-50 ലക്ഷം രൂപ വരെ വാങ്ങിയതായും വിദ്യാര്‍ഥികളുടെ പരാതിയില്‍ പറയുന്നു.
തങ്ങള്‍ക്ക് ഒരു പൈസ പോലും തിരികെ ലഭിച്ചിട്ടില്ലെന്ന് 25 വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. ഭാഗികമായി മാത്രം പണം തിരികെ ലഭിച്ച 101 വിദ്യാര്‍ഥികളുണ്ടെന്നാണ് കണക്ക്. വിദ്യാര്‍ഥികളെ പുറത്താക്കിയതിനാലാണ് വാങ്ങിയ പണം തിരികെ നല്‍കാന്‍ നിര്‍ദേശമുണ്ടായത്.