X

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

മജിസ്‌ട്രേറ്റ്തല അന്വേഷണത്തിനൊപ്പം പൊലീസ് അന്വേഷണവും നടത്താനാണ് കോടതി നിര്‍ദേശം. മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കു പുറമെ ഫാ.ജോഷ് പൊതുവ, ഫാ.വടക്കുമ്പാടന്‍, ഇടനിലക്കാരനായ സജു വര്‍ഗീസ് എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കി.

മജിസ്‌ട്രേറ്റുതല അന്വേഷണം നടക്കുന്നുണ്ടെന്നും അതിനാല്‍ പൊലീസ് അന്വേഷണം ആവശ്യമില്ലെന്നുമാണ് കര്‍ദിനാളിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഭൂമിയിടപാട് സുതാര്യമായിരുന്നില്ലെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണ്ടേതുണ്ടെന്നും കോടതി വ്യക്തമാക്കി.

മജിസ്‌ട്രേറ്റ് അന്വേഷണം പൊലീസ് അന്വേഷണത്തിന് തടസ്സമല്ലെന്നും രണ്ട് അന്വേഷണങ്ങളും ഒന്നിച്ച് നടക്കുമെന്നും കോടതി വ്യക്തമാക്കി. ഇടപാടില്‍ വലിയ ഗൂഢാലോചന നടന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് വിശദമായ അന്വേഷണം ആവശ്യമാണെന്നും ഹൈക്കോടതി അറിയിച്ചു.

chandrika: