ദുബൈ: തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ പ്രദേശവാസികളുടെ പ്രവാസി കൂട്ടായ്മയായ എടക്കഴിയൂര്‍ നോണ്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ (എനോറ യുഎഇ) ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് മലീഹയിലെ അല്‍ ഖയാദി ഫാമില്‍ ‘നാട്ടുത്സവം 2023’ എന്ന പേരില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
ചെണ്ടമേളം, തെയ്യം, കഥകളി, നാടന്‍ കലാരൂപങ്ങളും പട്ടുകുടയും അണിനിരന്ന വര്‍ണാഭമായ ഘോഷയാത്ര, മത്സര പരിപാടികള്‍, സംഗീത നിശ എന്നിവയടങ്ങിയ നാട്ടുല്‍സവത്തില്‍ കുടുംബങ്ങളുള്‍പ്പെടെ നിരവധി എടക്കഴിയൂര്‍ നിവാസികള്‍ പങ്കെടുത്തു. യുഎഇയുടെ അന്‍പത്തി രണ്ടാം ദേശീയ ദിനാഘോഷ ാഗമായി ചടങ്ങില്‍ ആദ്യ കാല പ്രവാസിയായ മുഹമ്മദലി യുഎഇ യുടെ ദേശീയ പതാകയുയര്‍ത്തി. 6 ജിസിസി രാജ്യങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ റോഡ് മാര്‍ഗം സഞ്ചരിച്ച് പുതു ചരിത്രം തീര്‍ത്ത എടക്കഴിയൂര്‍ സ്വദേശി സിയാദ് കല്ലയിലിനെ ചടങ്ങില്‍ ആദരിച്ചു.
രാവിലെ 11 മുതല്‍ തുടങ്ങിയ നാട്ടുത്സവത്തിന് ഷാജി എം.അലി, സുബിന്‍, ജലീല്‍, അനസ്, ഫാറൂഖ്, ജംഷീര്‍, സലിം മനയത്ത്, കാസ്സിം, സിബു, ശിഹാബ്, ഫൈസല്‍ ബീരാന്‍, മന്‍സൂര്‍, അബ്ദുല്‍ ഖാദര്‍, മന്‍സൂര്‍ കല്ലുവളപ്പില്‍, നസീഫ്, ഫര്‍ഷാദ്, ശ്രീലാല്‍, ഷഹാബ് എന്നിവരടങ്ങിയ സംഘാടക സമിതി അംഗങ്ങള്‍ നേതൃത്വം നല്‍കി.