ദോഹ:ലോകകപ്പിന് 90 ദിവസം മാത്രം അരികിലുള്ളപ്പോള്‍ രണ്ടാമത് ഔദ്യോഗിക സൗണ്ട് ട്രാക്ക് ഫിഫ പുറത്തിറക്കി. ഇന്നലെ റീലിസ് ചെയ്യപ്പെട്ട സംഗീത വിരുന്നില്‍ ഫ്രഞ്ച് ഗായകന്‍ മതേയര്‍ ജിംസ്, ഗ്രാമി അവാര്‍ഡ് ജേതാവായ പ്യൂറട്ടോറിക്കന്‍ കലാകാരന്‍ ഒസുന എന്നിവരെല്ലാമാണുള്ളത്. ഈ മാസം 26 ന് ഫിഫയുടെ ഔദ്യോഗിക യു ട്യൂബ് ചാനല്‍ വഴി ഗാനം റീലിസ് ചെയ്യും.
ഫ്രാന്‍സിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഏറെ ആരാധകരുള്ള സോളോ കലാകാരനാണ് ജിംസ്. ഒസുനയാവട്ടെ ലാറ്റിനമേരിക്കന്‍ സംഗീത രംഗത്തെ പുത്തന്‍ ഇതിഹാസവും. ഹയ, ഹയ എന്ന ആദ്യ ഗാനത്തിന് ശേഷം ലോകകപ്പിനോടനുബന്ധിച്ച് ഫിഫ പുറത്തിറക്കുന്ന രണ്ടാമത് ഗാനവും ആരാധകര്‍ നെഞ്ചിലേറ്റുമെന്നുറപ്പാണ്. ആദ്യ ഗാനം ഏപ്രിലിലായിരുന്നു റിലിസ് ചെയ്തത്. ഇതിനകം ഫിഫയുടെ യു ട്യബ് ചാനല്‍ വഴി 16 ദശലക്ഷം പേരാണ് ഹയാ ഹയാ ഗാനം ശ്രവിച്ചത്. ഇതാദ്യമായാണ് ലോകകപ്പിന് ഒന്നിലധികം സൗണ്ട് ട്രാക്ക് ഫിഫ രംഗത്തിറക്കുന്നത്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഒരു മാസക്കാലത്താണ് ലോകകപ്പ് മാമാങ്കം അരങ്ങേറുന്നത്. ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളിലായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി അറബ് ലോകം കാത്തിരിക്കുന്ന കാല്‍പ്പന്ത് മാമാങ്കം.
ഇതാദ്യമായി അറബ് ലോകത്ത് നടക്കാനിരിക്കുന്ന മെഗാ മാമാങ്കത്തിന് 32 ടീമുകളാണ് യോഗ്യത നേടിയിരിക്കുന്നത്. ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കന്‍ പ്രതിനിധികളായ ഇക്വഡോറും തമ്മിലുള്ള അങ്കത്തോടെയാണ് പുതിയ ലോക ചാമ്പ്യന്മാരെ കണ്ടെത്താനുള്ള പോര്‍മുഖം തുറക്കുന്നത്. നേരത്തെ 21 ന് തുടങ്ങാനായിരുന്നു ഫിഫ പ്ലാന്‍. എന്നാല്‍ ഫിഫ പാരമ്പര്യ പ്രകാരം ആദ്യ മല്‍സരം ഒന്നുങ്കില്‍ ആതിഥേയരോ അല്ലെങ്കില്‍ നിലവിലെ ചാമ്പ്യന്മാരോ പങ്കെടുക്കുന്ന മാമാങ്കമായിരിക്കണം എന്ന നിലയില്‍ പിന്നീട് ചാമ്പ്യന്‍ഷിപ്പ് ഒരു ദിവസം നേരത്തെ ആരംഭിക്കാന്‍ ഫിഫ കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.