ലണ്ടന്‍: ലോര്‍ഡ്‌സില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ചര്‍ച്ചയായി ഇംഗ്ലിഷ് കാണികളുടെ മോശം പെരുമാറ്റം. മത്സരത്തിനിടെ ഇന്ത്യന്‍ താരം കെ.എല്‍. രാഹുലിനെതിരെ ഒരു കൂട്ടം ആരാധകര്‍ ഗാലറിയില്‍നിന്ന് കുപ്പിയുടെ കോര്‍ക്ക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വലിച്ചെറിഞ്ഞതാണ് വിവാദമായത്. മത്സരത്തിന്റെ മൂന്നാം ദിനം ഇംഗ്ലിഷ് താരങ്ങള്‍ ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സിലെ 69ാം ഓവറിലാണ് സംഭവം. മുഹമ്മദ് ഷമി എറിഞ്ഞ ഈ ഓവറിലെ നാലാം പന്തിനു ശേഷമാണ് ഇംഗ്ലിഷ് ആരാധകര്‍ ഗാലറിയില്‍നിന്ന് രാഹുലിനു നേരെ ഷാംപെയിന്‍ കുപ്പിയുടെ കോര്‍ക്കുകള്‍ വലിച്ചെറിഞ്ഞത്. ഈ സമയത്ത് ബൗണ്ടറിക്കു സമീപം ഫീല്‍ഡ് ചെയ്യുകയായിരുന്നു രാഹുല്‍.
സംഭവത്തില്‍ അസന്തുഷ്ടനായി കാണപ്പെട്ട ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ഗ്രൗണ്ടില്‍ വീണ കോര്‍ക്കുകള്‍ ഗ്രൗണ്ടിനു പുറത്തേക്ക് എറിഞ്ഞുകളയാന്‍ രാഹുലിനോട് ആവശ്യപ്പെടുന്നത് കാണാമായിരുന്നു. ഓണ്‍ഫീല്‍ഡ് അംപയര്‍മാരായ മൈക്കല്‍ ഗഫ്, റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത് എന്നിവരെ ഇന്ത്യന്‍ താരങ്ങള്‍ ഇക്കാര്യം ധരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ഇന്ത്യന്‍ ടീം ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.
ഒന്നാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത് കെ.എല്‍. രാഹുലായിരുന്നു. ഓപ്പണറായി ഇറങ്ങിയ രാഹുല്‍ 250 പന്തില്‍നിന്ന് 12 ഫോറും ഒരു സിക്‌സും സഹിതം 129 റണ്‍സാണ് അടിച്ചുകൂട്ടിയത്.