ലണ്ടന്‍: ചെല്‍സിയെ കിരീടത്തോട് അടുപ്പിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ടോട്ടനത്തിന് തോല്‍വി. ചെല്‍സിക്കൊപ്പം മുന്നേറിയിരുന്ന ടോട്ടന്‍ഹാമിനെ ഏകപക്ഷീയമായ ഒരു ഗോളിന് വെസ്റ്റ്ഹാമാണ് മറിച്ചിട്ടത്. ടോട്ടനത്തിന്റെ തോല്‍വി ഒന്നാം സ്ഥാനത്തുള്ള ചെല്‍സിക്ക് അനുഗ്രഹമായി. ഇനിയുള്ള നാല് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ചാല്‍ ചെല്‍സിക്ക് കിരീടം സ്വന്തമാക്കാനാകും.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 65ാം മിനിറ്റില്‍ ലാര്‍സിനിയിലൂടെയാണ് വെസ്റ്റ്ഹാം വിജയഗോള്‍ നേടിയത്. ടോട്ടനം ബോക്സിലെത്തിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ അവരുടെ പ്രതിരോധനിരക്കു വന്ന ആശയക്കുഴപ്പത്തില്‍ നിന്നും ആന്ദ്രേ ആയു, ലാന്‍സിനിക്ക് പന്ത് നീട്ടി നല്‍കി. ലാന്‍സിനി പിഴവൊന്നും കൂടാതെ പന്ത് ടോട്ടന്‍ഹാം വലയിലെത്തിക്കുകയും ചെയ്തു. തുടര്‍ച്ചയായ ഒമ്പത് ജയങ്ങള്‍ക്ക് ശേഷമാണ് ടോട്ടന്‍ഹാം ലീഗില്‍ തോല്‍വി വഴങ്ങുന്നത്. അതേ സമയം ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ മൂന്നും സ്വന്തം മൈതാനത്ത് കളിക്കാന്‍ ഇറങ്ങുന്ന ചെല്‍സിക്ക് ഇനി കിരീടം കൈവിടാന്‍ സാധ്യത കുറവാണ്. ഇന്ന്മിഡില്‍സ്ബറോക്കെതിരെയാണ് ചെല്‍സിയുടെ മത്സരം.
അതേ സമയം ക്രിസ്റ്റല്‍ പാലസിനെ ഗോളില്‍ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളിനെ പിന്തള്ളി ലീഗില്‍ മൂന്നാം സ്ഥാനത്തേക്കു കയറി. ഡേവിഡ് സില്‍വ, വിന്‍സന്റ് കൊംപനി, കെവിന്‍ ഡിബ്രൂയ്ന്‍, റഹീം സ്റ്റര്‍ലിങ്്, നികോളാസ് ഒറ്റമെന്‍ഡി എന്നിവര്‍ സിറ്റിക്കു വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ക്രിസ്റ്റല്‍ പാലസ് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റില്‍ തന്നെ സില്‍വയിലൂടെ മുന്നിലെത്തിയ സിറ്റി ഇടവേളക്കു പിരിയുമ്പോള്‍ ഒരു ഗോളിന് മുന്നിലായിരുന്നു.
രണ്ടാം പകുതിയില്‍ പിന്നീട് കണ്ടത് സിറ്റിയുടെ തേരോട്ടമായിരുന്നു. 49-ാം മിനിറ്റില്‍ കൊംപനിയിലൂടെ 2-0ന് മുന്നില്‍ കേറിയ സിറ്റിക്കു വേണ്ടി പത്ത് മിനിറ്റിന് ശേഷം ഡിബ്രൂയ്ന്‍ മൂന്നാം ഗോള്‍ നേടി. മത്സരം അവസാനിക്കാന്‍ എട്ടു മിനിറ്റ് ബാക്കി നില്‍ക്കെയായിരുന്നു നാലാം ഗോള്‍ പിറന്നത്. ഇത്തവണ റഹീം സ്റ്റര്‍ലിങായിരുന്നു സ്‌കോറര്‍.
ഇഞ്ചുറി ടൈമില്‍ ഓറ്റമെന്‍ഡിയിലൂടെ സിറ്റി പട്ടിക പൂര്‍ത്തിയാക്കി 5-0. നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റര്‍ വാട്ട്‌ഫോര്‍ഡിനെ മൂന്ന് ഗോളിന് കീഴടക്കി. 34 മത്സരങ്ങളില്‍ നിന്നും 81 പോയിന്റുമായി ചെല്‍സി ഒന്നാമതും 35 മത്സരങ്ങളില്‍ നിന്ന് 77 പോയിന്റോടെ ടോട്ടനം രണ്ടാം സ്ഥാനത്തുമാണ്. 35 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സിറ്റിക്കും ലിവര്‍പൂളിനും 69 പോയിന്റ് വീതമാണുള്ളത്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ലിവര്‍പൂളിനെ മറികടന്നാണ് സിറ്റി മുന്നിലെത്തിയത്.
ഇന്ന് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ അങ്കമുണ്ട്. ശക്തരായ ആഴ്‌സനലും മാഞ്ചസ്റ്റര്‍ യുനൈറ്റഡും മുഖാമുഖം. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബെര്‍ത്ത് സ്വന്തമാക്കാന്‍ ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളിലൊന്ന് വേണമെന്നിരിക്കെ ആ സ്ഥാനമാണ് രണ്ട് ടീമുകളുടെയും നോട്ടം. ലീഗ് സമാപിക്കാനിരിക്കെ ഇനിയുള്ള കളികളില്‍ മുഖ്യ ടീമുകള്‍ക്കെല്ലാം വിജയം വേണം.