പത്ത് ദിവസത്തെ രാജ്യാന്തര ബ്രേക്കിന് ശേഷം ഇന്ന് മുതല്‍ യൂറോപ്യന്‍ ലീഗുകളില്‍ പന്തുരുളുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏഴ് മല്‍സരങ്ങള്‍. അതില്‍ കൊമ്പന്മാരുടെ അങ്കവുമുണ്ട്. ലണ്ടന്‍ നഗര വൈരികളായ ആഴ്‌സനലും ടോട്ടനവും നേര്‍ക്കുനേര്‍ വരുന്നത് ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിന്. തപ്പിതടയുന്ന ലിവര്‍പൂള്‍ കരുത്തരായ ബ്രൈട്ടണുമായി കളിക്കുന്നത് രാത്രി. ഇന്നത്തെ മറ്റ് മല്‍സരങ്ങള്‍ ഇപ്രകാരം-സമയവും. ബോണ്‍മൗത്ത്-ബ്രെന്‍ഡ്‌ഫോര്‍ഡ്, കൃസ്റ്റല്‍ പാലസ്-ചെല്‍സി (7-30), ഫുള്‍ഹാം- ന്യൂകാസില്‍ (7-30), സതാംപ്ടണ്‍-എവര്‍ട്ടണ്‍, വെസ്റ്റ് ഹാം യുനൈറ്റഡ്-വോള്‍വ്‌സ് (10-00).
പ്രീമിയര്‍ ലീഗില്‍ ഏഴ് മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ 18 പോയിന്റുമായി ആഴ്‌സനലാണ് നിലവില്‍ ഒന്നാമത്. ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി 17 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ടോട്ടനം ഇതേ പോയന്റില്‍ മൂന്നാമതും. അതിനാല്‍ തന്നെ ഇന്നത്തെ നഗര പോരാട്ടത്തില്‍ ആര് ജയിച്ചാലും അവര്‍ക്ക് ടേബിളില്‍ ഒന്നാം സ്ഥാനത്ത് വരാം. അപാര ഫോമില്‍ നില്‍ക്കുന്ന ആഴ്‌സനല്‍ ഇത് വരെ ഒരു കളി മാത്രമാണ് തോറ്റത്. ആറ് മല്‍സരങ്ങളിലും ജയിച്ചു. എന്നാല്‍ ടോട്ടനം ഒരു കളി പോലും തോറ്റിട്ടില്ല. അഞ്ച് മല്‍സരങ്ങളില്‍ ജയിച്ചപ്പോള്‍ രണ്ട് മല്‍സരത്തില്‍ സമനില. നാളെ മാഞ്ചസ്റ്റര്‍ ഡെര്‍ബി നടക്കാനിരിക്കെ മല്‍സരങ്ങള്‍ അത്യാവേശത്തിലേക്കാണ് പോവുന്നത്.