പെര്‍ത്ത്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റിന് 305 റണ്‍സ് എന്ന ശക്തമായ നിലയിലാണ്.
ഡേവിഡ് മലാന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയും (110*), സ്റ്റോണ്‍മാന്‍ (56), ജോണി ബെയര്‍സ്‌റ്റോ (76*) എന്നിവരുടെ അര്‍ധ സെഞ്ച്വറിയുമാണ് ഇംഗ്ലീഷ് ബാറ്റിങ്ങിന് കരുത്ത് പകര്‍ന്നത്. ആദ്യ രണ്ട് ടെസ്റ്റുകളിലും അമ്പേ പരാജയപ്പെട്ട ഇംഗ്ലീഷ് ബാറ്റിങ് നിര പെര്‍ത്തില്‍ ഓസീ ബൗളര്‍മാര്‍ക്കെതിരെ മികച്ച ചെറുത്തു നില്‍പാണ് നടത്തിയത്.
അര്‍ധ സെഞ്ച്വറി നേടിയതിനു പിന്നാലെ സ്റ്റോണ്‍ മാന്‍ പുറത്തായ ഘട്ടത്തില്‍ ഇംഗ്ലണ്ട് നാലിന് 131 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ടെങ്കിലും മലാനും ബെയര്‍സ്റ്റോയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയ 174 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സഹായിക്കുകയായിരുന്നു.
പേസും ബൗണ്‍സും നിറഞ്ഞ പെര്‍ത്തിലെ പിച്ചില്‍ തുടക്കത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തുകള്‍ക്കു മുന്നില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ പതറിയെങ്കിലും പിന്നീട് കാര്യങ്ങള്‍ ഇംഗ്ലണ്ടിന് അനുകൂലമാവുകയായിരുന്നു. മത്സരത്തിലൂടെ ഇംഗ്ലീഷ് ഓപണര്‍ അലസ്റ്റര്‍ കുക്ക് 150 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 32 വയസ്സിലാണ് കുക്ക് ഈ നേട്ടത്തിലെത്തിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 150ാം മത്സരം കളിക്കുമ്പോള്‍ 35 വയസ്സായിരുന്നു സച്ചിന്.കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം 11 വര്‍ഷവും 288 ദിവസത്തിനും ശേഷമാണ് കുക്ക് 150ാം ടെസ്റ്റ് മത്സരം കളിക്കുന്നത്.
നേരത്തെ 14 വര്‍ഷവും 200 ദിവസത്തിലും 150 ടെസ്റ്റ് കളിച്ച ദ്രാവിഡിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്.എന്നാല്‍ മത്സരത്തില്‍ കുക്കിന് തിളങ്ങാനായില്ല. ഏഴ് റണ്‍സായിരുന്നു മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്റെ ഇന്നിങ്‌സ് സമ്പാദ്യം.