ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ജോ റൂട്ടിന് ഇരട്ടനേട്ടം. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇംഗ്ലീഷ് ബാറ്റര്‍ ജോ റൂട്ടിന്റെ പേരിലായി. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 5000 റണ്‍സ് നേടുന്ന ആദ്യ ബാറ്റര്‍ നേട്ടവും ജോ റൂട്ടിനു തന്നെ. മുള്‍ട്ടാനില്‍ പാകിസ്താനെതിരെ നടന്ന ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് ജോ റൂട്ട് ഇരട്ട നേട്ടം കൈവരിച്ചത്.
മത്സരത്തിനു മുമ്പേ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 5000 റണ്‍സിലെത്താന്‍ റൂട്ടിന് 27 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബുഷാനെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ റണ്‍സില്‍ രണ്ടാം സ്ഥാനം. 3904 റണ്‍സാണ് ലഭിച്ചത്. മൂന്നാമതുള്ള സ്റ്റീവ് സ്മിത്തിന് 3484 റണ്‍സാണുള്ളത്.
2594 റണ്‍സാണ് രോഹിത് ശര്‍മ്മയ നേടിയത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം രോഹിത്താണ്. വിരാട് കോലിക്ക് 2334 റണ്‍സാണുള്ളത്.
ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ജോ റൂട്ടിന് നിലവില്‍ അഞ്ചാം സ്ഥാനമാണുള്ളത്. അലിസ്റ്റര്‍ കുക്കിന് 12,472 റണ്‍സിന്റെ റെക്കോര്‍ഡായിരുന്നു ഉണ്ടായിരുന്നത്. രാഹുല്‍ ദ്രാവിഡ്, ജാക്ക് കാലിസ്, റിക്കി പോണ്ടിങ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരാണ് റൂട്ടിന്റെ മുന്നിലുള്ളത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 556 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിലവില്‍ 323 ന് മൂന്ന് എന്ന നിലയിലാണ്. മത്സരത്തില്‍ സെഞ്ചുറി നേടി പുറത്താകാതെ നില്‍ക്കുകയാണ് ജോ റൂട്ട്.