തേര്‍ഡ് ഐ- കമാല്‍ വരദൂര്‍
കാല്‍പ്പന്തിന്റെ സൗന്ദര്യമെന്നാല്‍ ഗോളുകളാണ്. ഈ ലോകകപ്പിന്റെ വിജയം അസഖ്യം അതിസുന്ദര ഗോളുകളാണ്. ഫൈനല്‍ മല്‍സരവും നോക്കുക-സുന്ദരങ്ങളായ ഏഴ് ഗോളുകള്‍. കലാശപ്പോരാട്ടങ്ങള്‍ ഈ വിധത്തിലുള്ള സ്‌ക്കോറിംഗ് അപൂര്‍വ്വമാണ്. തുറന്നിട്ട പ്രതിരോധമായിരുന്നില്ല ഗോളുകളുടെ ഉല്‍ഭവകേന്ദ്രം. അതിവേഗ ആക്രമണങ്ങളായിരുന്നു. സ്‌പെയിന്‍ തുടക്കത്തില്‍ രണ്ട് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുന്നു. ഇംഗ്ലണ്ട് അഞ്ച് ഗോളുകള്‍ തിരിച്ചടിക്കുന്നു. ഗ്യാലറികള്‍ സജീവവും സമ്പന്നവുമായി രണ്ട് ടീമുകള്‍ക്കൊപ്പം നില്‍ക്കുന്നു.
ഒരു കലാശപ്പോരാട്ടത്തിന്റെ സമ്മര്‍ദ്ദം ഊഹിക്കാവുന്നതാണ്. പ്രത്യേകിച്ച് കൗമാരക്കാര്‍ കളിക്കുമ്പോള്‍. സ്‌പെയിന്‍ രണ്ട് ഗോളിന് മുന്നില്‍ക്കയറിയിട്ടും അവര്‍ പ്രതിരോധത്തിന്റെ വഴി തെരഞ്ഞെടുത്തില്ല. രണ്ട് ഗോളിന് പിറകിലായിട്ടും ഇംഗ്ലീഷുകാര്‍ തല താഴ്ത്തി നിരാശ പ്രകടിപ്പിച്ചുമില്ല. രണ്ട് ടീമുകളുടെയും ഈ പോസിറ്റീവ് സമീപനമാണ് മല്‍സരത്തിന്റെ ശക്തിയും ഗ്യാലറിയുടെ ആവേശവും. പരമ്പരാഗത ശൈലിയുടെ ഭാഗമായി സ്‌പെയിനിന് വേണമെങ്കില്‍ രണ്ടാം പകുതിയില്‍ പ്രതിരോധത്തില്‍ ജാഗ്രത പാലിക്കാമായിരുന്നു. അതിനവര്‍ മുതിര്‍ന്നില്ല. ഇംഗ്ലീഷുകാരെ നോക്കുക- ഇന്ത്യയിലെത്തിയതിന് ശേഷം അവരുടെ ശക്തി അവര്‍ തിരിച്ചറിഞ്ഞു-ഗോള്‍വേട്ട. ജപ്പാനെതിരായ പ്രി ക്വാര്‍ട്ടറില്‍ നിര്‍ഭാഗ്യത്തിന്റെ വഴിയില്‍ ഷൂട്ടൗട്ട് വരെ പേവേണ്ടി വന്നത് മാറ്റിനിര്‍ത്തിയാല്‍ ഗോള്‍വേട്ടയില്‍ അവര്‍ പിറകോട്ട് പോയില്ല. ബ്രസീലുകാര്‍ക്കെതിരെ പോലും അതിവേഗതയില്‍ വിശ്വാസമര്‍പ്പിച്ചു.
സ്വന്തം കരുത്തിനെ തിരിച്ചറിയുകയെന്നതാണ് ഒരു ടീമിനെ സംബന്ധിച്ച് ഏറ്റവും വലിയ ആയുധം. ഇംഗ്ലണ്ട് അത് തിരിച്ചറിഞ്ഞതായിരുന്നു ഇംഗ്ലീഷ് വിജയത്തിന്റെ അടിസ്ഥാനം. ലോക ഫുട്‌ബോളിലെ തറവാടികളാണവര്‍. സ്‌പെയിനും ജര്‍മനിയും ഇറ്റലിയും ഹോളണ്ടുമെല്ലാം യൂറോപ്യന്‍ ഫുട്‌ബോളില്‍ കരുത്തറിയിച്ചപ്പോള്‍ തറവാടികളായ ഇംഗ്ലീഷുകാര്‍ അല്‍പ്പം പിറകോട്ട് പോയിരുന്നു. ഇപ്പോള്‍ അവര്‍ തിരിച്ചുവരവിന്റെ പാതയിലാണ്. കൊറിയയില്‍ നടന്ന ഫിഫ അണ്ടര്‍ 19 ഫുട്‌ബോളില്‍ കിരീടം. ഇപ്പോഴിതാ അണ്ടര്‍ 17 യിലും ലോക കിരീടം. ബ്രൂസ്റ്ററും ഫിലിപ്പോ ഫോഡാനും മോര്‍ഗന്‍ ഗിബ്‌സ് വൈറ്റുമെല്ലാം നാളെയുടെ വാഗ്ദാനങ്ങളാണ്. സ്പാനിഷ് ടീം കലാശപ്പോരാട്ടത്തിന്റെ രണ്ടാം പകുതിയില്‍ തളര്‍ന്നെങ്കിലും ആബേല്‍ റൂയിസും മുഹമ്മദ് മുഖ്‌ലിസുമെല്ലാം നാളെയുടെ വാഗ്ദാനങ്ങളാണ്. ഇന്ത്യയാവട്ടെ വലിയ ചാമ്പ്യന്‍ഷിപ്പിന് വിജയകരമായി ആതിഥേയത്വം വഹിച്ച ആനന്ദത്തിലും.