അഹമ്മദാബാദ്: ഐ.സി.സി ക്രിക്കറ്റ് ലോകകപ്പില്‍ നിന്നും ഇതിനോടകം പുറത്തായ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ഇന്ന് ഓസീസിനെ നേരിടും. സെമി പ്രവേശനം ഉറപ്പ് വരുത്താന്‍ കങ്കാരുപ്പടയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്.
അതേ സമയം നാണക്കേടിന്റെ ചരിത്രം പേറേണ്ട അവസ്ഥയിലുള്ള ഇംഗ്ലണ്ടാവട്ടെ ഇതുവരെ ആറു മത്സരങ്ങളില്‍ ഒരെണ്ണം മാത്രമാണ് ജയിച്ചിട്ടുള്ളത്. രണ്ട് പോയിന്റുമായി പട്ടികയില്‍ അവസാന സ്ഥാനത്താണ് ഇംഗ്ലീഷുകാര്‍. മികച്ച ബാറ്റിങ്, ബൗളിങ് നിരയുണ്ടെങ്കിലും ഇന്ത്യന്‍ ഗ്രൗണ്ടുകളില്‍ ഇതുവരെ ഇംഗ്ലീഷുകാര്‍ ക്ലച്ചു പിടിച്ചിട്ടില്ല. അവസാനത്തെ നാലു മത്സരങ്ങളിലും അഞ്ചു തവണ ചാമ്പ്യന്‍മാരായ ഓസീസ് ബാറ്റിങ് വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.
എന്നാല്‍ ഇംഗ്ലണ്ട് അവസാനത്തെ മൂന്നു മത്സരങ്ങളിലും 200 പോലും കടന്നിട്ടില്ല. മിച്ചല്‍ മാര്‍ഷിന്റേയും ഗ്ലെന്‍ മാക്‌സ് വെല്ലിന്റേയും അഭാവം ഇന്ന് ഓസീസിന് തലവേദന തീര്‍ക്കുന്നുണ്ട്. മാര്‍ഷ് പരിക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയപ്പോള്‍ മാക്‌സ് വെല്ലിന് ഇന്ന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഇരുവര്‍ക്കും പകരം കാമറൂണ്‍ ഗ്രീനും മാര്‍കസ് സ്റ്റോയ്‌നിസും കളത്തിലിറങ്ങിയേക്കും. 2025ലെ ചാമ്പ്യന്‍സ് ട്രോഫി യോഗ്യത പോലും തുലാസിലായ ഇംഗ്ലണ്ടിന് ജയം അനിവാര്യമാണ്. ലോകകപ്പിലെ ആദ്യ ഏഴു ടീമുകള്‍ക്കു മാത്രമാണ് യോഗ്യത ലഭിക്കുക. ഓസീസുമായി 155 തവണ ഏറ്റുമുട്ടിയപ്പോള്‍ 87 തവണയും ഇംഗ്ലണ്ട് പരാജയപ്പെട്ടിട്ടുണ്ട്. ലോകകപ്പില്‍ മൂന്നു തവണ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ ആറു തവണയും തോറ്റു. പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ്, ആദം സാംപ എന്നിവരടങ്ങുന്ന ഓസീസ് ബൗളിങ് നിരയും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. രണ്ട് മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ മഞ്ഞു വീഴ്ചയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ടാമത് ബാറ്റു ചെയ്യുന്നവര്‍ക്കാണ് അഹമ്മദാബാദിലെ മോദി സ്‌റ്റേഡിയത്തില്‍ അല്‍പം മുന്‍തൂക്കം.