ലണ്ടന്‍: ക്ലബ് സോക്കറിന് താല്‍ക്കാലിക ഇടവേള. ഇന്ന് മുതല്‍ യൂറോ യോഗ്യതാ നാളുകള്‍. വന്‍കിടക്കാരെല്ലാം പന്ത് തട്ടുന്ന കാഴ്ച്ചകളാണ് വരും ദിവസങ്ങളില്‍. ഇന്ന് എട്ട് മല്‍സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഖത്തര്‍ ലോകകപ്പിന് ശേഷം കൃസ്റ്റിയാനോ റൊണാള്‍ഡോ ആദ്യമായി പോര്‍ച്ചുഗല്‍ ജഴ്സിയില്‍ സ്വന്തം നാട്ടില്‍ ലൈഞ്ചസ്റ്റിനെതിരെ പന്ത് തട്ടുമ്പോള്‍ നിലവിലെ വന്‍കരാ ജേതാക്കളായ ഇറ്റലിയും ഇംഗ്ലണ്ടും തമ്മിലുളളതാണ് കനപ്പെട്ട അങ്കം.
ഇതേ ടീമുകളായിരുന്നു കഴിഞ്ഞ തവണ വന്‍കരാ കിരീടത്തിനായി വെംബ്ലിയില്‍ മുഖാമുഖം വന്നത്. അന്ന് ഷൂട്ടൗട്ടില്‍ വിജയം നേടിയത് ഇറ്റലിയായിരുന്നു. പക്ഷേ അതേ ഇറ്റലിക്ക് ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയാതിരുന്നത് ദുരന്തവുമായി. തുല്യശക്തികളായ ഫിന്‍ലന്‍ഡും ഡെന്മാര്‍ക്കും തമ്മിലുളള അങ്കത്തിലും തീപ്പാറും. ഇന്നത്തെ മല്‍സരങ്ങള്‍ ഇപ്രകാരം: ഗ്രൂപ്പ് ജി: ബോസ്നിയ ഹെര്‍സഗോവിന-ഐസ്ലന്‍ഡ്, പോര്‍ച്ചുഗല്‍-ലൈഞ്ചസ്റ്റിന്‍, സ്ലോവാക്യ-ലക്സംബര്‍ഗ്. ഗ്രൂപ്പ് സി: ഇറ്റലി-ഇംഗ്ലണ്ട്, നോര്‍ത്ത് മാസിഡോണിയ-മാള്‍ട്ട. ഗ്രൂപ്പ് എച്ച്: കസാക്കിസ്താന്‍-സ്ലോവേനിയ, ഡെന്മാര്‍ക്ക്-ഫിന്‍ലന്‍ഡ്, സാന്‍മറീനോ-നോര്‍തേണ്‍ അയര്‍ലന്‍ഡ്.