X

ലോര്‍ഡ്‌സ് ടെസ്റ്റിന് നാളെ തുടക്കം: ഇന്ത്യ സമ്മര്‍ദ്ദത്തില്‍, പൂജാര തിരിച്ചെത്തിയേക്കും

ലോര്‍ഡ്‌സ്:എജ്ബാസ്റ്റണിലെ തോല്‍വി മറക്കാറായിട്ടില്ല… വിജയത്തിന് തൊട്ടരികില്‍ പരാജയം രുചിക്കേണ്ട അവസ്ഥ വിരാത് കോലി എന്ന നായകന് വേദനാജനകമായിരുന്നു. വെല്ലുവിളികളെ ഇഷ്ടപ്പെടുന്ന നായകന്‍ സ്വന്തം ടീമിനെ വിജയിപ്പിക്കുമെന്ന് കളി കണ്ടവരെവല്ലാം മോഹിച്ച സന്ദര്‍ഭത്തിലായിരുന്നു ബെന്‍ സ്‌റ്റോക്ക്‌സിന്റെ ആ ലെഗ് ബിഫോര്‍ അപ്പീല്‍… ക്രിസ് വിട്ട് പന്തിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച കോലി ശരിക്കും പ്ലംബ്ഡ് ആയിരുന്നു. പക്ഷേ മറ്റൊരു ഉപാധിയുമില്ലാത്തതിനാല്‍ റിവ്യൂ അപ്പീല്‍ നല്‍കി. രക്ഷയുണ്ടായിരുന്നില്ല…

നാളെ മുതല്‍ രണ്ടാം ടെസ്റ്റാണ്. വേദി ലോര്‍ഡ്‌സ്… എജ്ബാസ്റ്റണിലേതിന് സമാനമായ സാഹചര്യം. അഞ്ച് മല്‍സര പരമ്പരയില്‍ ശക്തമായി തിരിച്ചുവരണമെങ്കില്‍ ലോര്‍ഡ്‌സില്‍ ആദ്യ ദിവസം മുതല്‍ കോലി മാത്രം കരുത്ത്് കാണിച്ചാല്‍ പോര-മുഴുവന്‍ ടീം അദ്ദേഹത്തിനൊപ്പം നില്‍ക്കണം.ഇംഗ്ലണ്ട് ആത്മവിശ്വാസത്തിലാണ്-ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ വീഴ്ത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അവര്‍ സംസാരിക്കുന്നത്. ഈ വിശ്വാസത്തോടെയാണ് അവര്‍ ഇന്നലെ ലോര്‍ഡ്‌സില്‍ പരിശീലനം നടത്തിയത്. വിരാത് കോലിയെ പിടിച്ചാല്‍ ഇന്ത്യയെ പിടിക്കുന്നതിന് തുല്യമാണെന്ന് പറയാതെ പറയുകയാണ് ജോ റൂട്ട് എന്ന ഇംഗ്ലീഷ് നായകന്‍.

എജ്ബാസ്റ്റണില്‍ പരാജയമുഖത്തായിരുന്നു പലവട്ടം ഇംഗ്ലീഷുകാര്‍. നാല് ദിവസം മാത്രം ദീര്‍ഘിച്ച മല്‍സരത്തിന്റെ ആദ്യ ദിവസം അവര്‍ കരുത്ത പ്രകടിപ്പിച്ചുവെങ്കിലും ഇന്ത്യ അവസാന സെഷനില്‍ തിരിച്ചെത്തി. രണ്ടാം ദിവസം കോലി മികവില്‍ ഇന്ത്യന്‍ ബാറ്റിംഗ് പൊരുതി നിന്നു. മൂന്നാം ദിവസം ഇംഗ്ലീഷ് രണ്ടാം ഇന്നിംഗ്‌സ് ഇന്ത്യന്‍ പേസ് ബൗളിംഗിന് മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോള്‍ 194 റണ്‍സെന്ന ഇന്ത്യന്‍ വിജയലക്ഷ്യം എളുപ്പമാണെന്നാണ് കരുതിയത്. പക്ഷേ അതേ ദിവസം അവസാന സെഷനില്‍ ഇന്ത്യയുടെ അഞ്ച് വിക്കറ്റുകള്‍ അവര്‍ സ്വന്തമാക്കിയതോടെ നാലാം ദിവസം ബലാബലമായി. മല്‍സരത്തിന്റെ അവസാന ദിവസത്തില്‍ കോലിയും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റുമെന്ന ഘട്ടത്തില്‍ നിന്നാണ് ബെന്‍ സ്റ്റോക്ക്‌സ് കരുത്തനായി നിന്നത്.

ഇന്ത്യക്ക് വെല്ലുവിളി ബാറ്റിംഗ് തന്നെയാണ്. ടീം കോമ്പിനേഷന്റെ കാര്യത്തില്‍ ധാരണയായിട്ടില്ല. എജ്ബാസ്റ്റണില്‍ കളിച്ച അതേ സംഘത്തെ നിലനിര്‍ത്തണമോ അതോ ബാറ്റിംഗ്-ബൗളിംഗ് ലൈനപ്പുകളില്‍ മാറ്റം വേണമോ എന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റ്് തുറന്ന ചര്‍ച്ചകളിലാണ്. നാളെ രാവിലെ മാത്രമേ അന്തിമ ഇലവനെ പ്രഖ്യാപിക്കു.

രണ്ട് ഓപ്ഷനുകളാണ് കോലിക്ക്് മുന്നിലുള്ളത്. ചേതേശ്വര്‍ പൂജാരക്ക്് അവസരം നല്‍കുക. അപ്പോള്‍ ആരെ മാറ്റുമെന്നതാണ് ചോദ്യം. ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, അജിങ്കയ രഹാനെ എന്നിവരെല്ലാം ആദ്യ ടെസ്റ്റില്‍ പരാജയമായിരുന്നു. ഇവരില്‍ ആരെ മാറ്റി പൂജാരയെ കളിപ്പിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരം എളുപ്പമല്ല. ടീമില്‍ ആര്‍. അശ്വിനെ കൂടാതെ രണ്ടാമതൊരു സ്പിന്നര്‍ കൂടി വേണമെന്ന വാദവും ശക്തമാണ്. കുല്‍ദീപ് യാദവിന് അവസരം നല്‍കിയാല്‍ ഇംഗ്ലീഷ് ബാറ്റിംഗ് ലൈനപ്പിനെ വെല്ലുവിളിക്കാന്‍ കഴിയുമെന്നാണ് മുതിര്‍ന്ന താരങ്ങളെല്ലാം പറയുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പകരം കുല്‍ദിപ് വരാനാണ് സാധ്യത. ഇംഗ്ലീഷ് സംഘത്തില്‍ രണ്ട് മാറ്റങ്ങളുണ്ടാവും. കോടതി കേസുകള്‍ കാരണം ബെന്‍ സ്‌റ്റോക്ക്‌സ് കളിക്കുന്നില്ല. ആദ്യ ടെസ്റ്റില്‍ പരാജയമായ ഡേവിഡ് മലാനും അവസരമുണ്ടാവില്ല. നല്ല കാലാവസ്ഥയാണ് മല്‍സരത്തിന്റെ ആദ്യ നാല് ദിവസങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

chandrika: