X

സ്പിന്‍ കുരുക്കില്‍ കറങ്ങി വീണ് ഇംഗ്ലണ്ട്; പാകിസ്താന് പരമ്പര

ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിലും വിജയിച്ച് പരമ്പര  സ്വന്തമാക്കി പാകിസ്താൻ. ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം തുടർച്ചയായി രണ്ട് മത്സരം വിജയിച്ചാണ് പാകിസ്താൻ പരമ്പര നേടിയത്. 36 റൺസിന്‍റെ വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിക്കൊണ്ട് പാകിസ്താൻ മറികടക്കുകയായിരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് ഷാൻ മസൂദു സംഘവും സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര നേടുന്നത്.

ഷാൻ മസൂദിന്‍റെ കീഴിൽ പാകിസ്താന്‍റെ ആദ്യ പരമ്പര നേട്ടം കൂടുയാണ് ഇത്. 2021ന് ശേഷം ആദ്യമായാണ് പാകിസ്താൻ സ്വന്തം തട്ടകത്തിൽ ഒരു പരമ്പര വിജയം സ്വന്തമാക്കുന്നത്. നേരത്തെ മൂന്നിന് 24 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട് മൂന്നാം ദിനം ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചത്. എന്നാൽ ടീം സ്കോർ 112 റൺസ് എടുത്തപ്പോഴേക്കും പാകിസ്താൻ ഓൾഔട്ടാകുകയായിരുന്നു. 33 റൺസ് നേടിയ സൂപ്പർതാരം ജോ റൂട്ടാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ .

സ്പിൻ കുരുക്കിലാണ് പാകിസ്താൻ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. നോമാൻ അലി ആറും സാജിദ് ഖാൻ നാലും വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ഇന്നിം​ഗ്സിൽ 36 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച പാകിസ്താൻ 3.1 ഓവറിൽ ലക്ഷ്യത്തിലെത്തി. ആറ് പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതം 23 റൺസെടുത്ത് പുറത്താകാതെ ഷാൻ മസൂദാണ് പാകിസ്താൻ വിജയം വേ​ഗത്തിലാക്കിയത്. എട്ട് റൺസെടുത്ത സയ്യീം ആയൂബ് പുറത്തായി. അഞ്ച് റൺസെടുത്ത അബ്ദുള്ള ഷെഫീക്കും മസൂദിനൊപ്പം പുറത്താകാതെ നിന്നു.

ഒന്നാം ഇന്നിങ്സിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 267 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 344 റൺസ് സ്വന്തമാക്കി. 134 റൺസ് നേടിയ സൗദ് ഷക്കീലാണ് പാകിസ്താന് ലീഡ് നേടികൊടുത്തത്. ഇം​ഗ്ലണ്ടിനായി സ്പിന്നർ റെഹ്മാൻ അഹമദ് നാല് വിക്കറ്റുകളും ഷുഹൈബ് ബഷീർ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.

നേരത്തെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ഒരു ഇന്നിങ്സിനും 47 റൺസിനുമാണ് വിജയിച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ പാകിസ്താൻ 152 റൺസിന്‍റെ മികച്ച വിജയം നേടി പരമ്പര സമനിലയാക്കി. മൂന്നാം മത്സരത്തിലും ജയിച്ചതോടെ പാകിസ്താൻ പരമ്പര സ്വന്തമാക്കുകയായിരുന്നു.

webdesk13: