X
    Categories: Views

അശ്വിന്റെ സ്പിന്‍ മികവ്, ഇംഗ്ലണ്ട് തകരുന്നു

മൊഹാലി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ അലിസ്റ്റര്‍ കുക്കിന്റെ -കുക്കീസ് തോല്‍വിയുടെ നിഴലില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് ലീഡായ 134 റണ്‍സിന് മറുപടിയായി രണ്ടാം ഇന്നിംഗ്‌സിനിങ്ങിയ ഇംഗ്ലണ്ട് നാല് വിക്കറ്റിന് 78 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് ലീഡിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് അവശേഷിക്കെ ഇനിയും 56 റണ്‍സ് കൂടി വേണം. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ പ്രകടനമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് കനത്ത ആഘാതമായത്.

അശ്വിന്‍ 12 ഓവറില്‍ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജയന്ത് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി. 36 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ജോ റൂട്ടിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളത്രയും. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് (12), മോയിന്‍ അലി (05) ജോണി ബെയര്‍‌സ്റ്റോ (15), ബെന്‍ സ്റ്റോക്‌സ് (05) എന്നിവരാണ് പുറത്തായത്. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ റണ്ണൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാന്‍ ഗാരത് ബാറ്റിയാണ് റൂട്ടിന് കൂട്ടായി ക്രീസില്‍. 134 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ട് പ്രതിരോധിച്ച് കളിക്കാനാണ് തുടക്കം മുതല്‍ ശ്രമിച്ചത്. സ്പിന്നര്‍മാര്‍ പന്തെറിയാനെത്തിയതോടെ പ്രതിരോധത്തിലായ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ പലപ്പോഴും പതറുന്ന കാഴ്ചക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

നിരവധി തവണ അപ്പീലുകള്‍ അതിജീവിച്ച ഓപണര്‍ കുക്കിനെ ഒടുവില്‍ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. പരിക്കേറ്റ ഓപണര്‍ ഹസീബ് ഹമീദിനു പകരം ഓപണറുടെ റോളിലിറങ്ങിയ ജോ റൂട്ട് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ക്രീസ് വിട്ട് അശ്വിനെ പ്രഹരിക്കാന്‍ ശ്രമിച്ച മോയിന്‍ അലി ജയന്ത് യാദവിന് പിടികൊടുത്തു മടങ്ങി. പിന്നാലെ എത്തിയ ബെന്‍ സ്റ്റോക്കിന് കാര്യമായ പ്രതിരോധം തീര്‍ക്കാനായില്ല. നേരത്തെ ആറിന് 271 എന്ന നിലയില്‍ മൂന്നാം ദിനം കളി പുനരാരംഭിച്ച ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 417 റണ്‍സിന് അവസാനിച്ചിരുന്നു. മധ്യനിരയില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും, ജയന്ത് യാദവും ചേര്‍ന്ന് നടത്തിയ തകര്‍പ്പന്‍ പ്രകടമാണ് ഇന്ത്യന്‍ സ്‌കോര്‍ 400 കടത്തിയത്.

അശ്വിന്‍ (72), ജഡേജ (90), യാദവ് (55)ഉം റണ്‍സെടുത്തു. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ജഡേജയും ജയന്തും കാഴ്ച്ചവെച്ചത്. അശ്വിനും ജഡേജയും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 97 റണ്‍സെടുത്തു. എട്ടാം വിക്കറ്റില്‍ ജഡേജയും ജയന്തും ചേര്‍ന്ന് 80 റണ്‍സും കൂട്ടിച്ചേര്‍ത്തു. നേരത്തെ അര്‍ധസെഞ്ച്വറികള്‍ നേടിയ നായകന്‍ വിരാട് കോലിയും(62) ചേതേശ്വര്‍ പൂജാരയും(51) മികച്ച പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിനു വേണ്ടി ബെന്‍സ്‌റ്റോക്‌സ് അഞ്ചു വിക്കറ്റുകളും ആദില്‍ റഷീദ് നാലു വിക്കറ്റുകളും വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 283 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍1-0ന് ത്തിന് മുന്നിലാണ്.

chandrika: