ഇംഗ്ലണ്ട്ക്രിക്കറ്റ് ടീം ഓൾ റൗണ്ടർ മൊയീൻ അലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 37കാരനായ മൊയീൻ അലിയെ ഓസ്ട്രേലിയയ്ക്കെതിരെ ഈ മാസം തുടങ്ങുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ‘താൻ ഇംഗ്ലണ്ട് ക്രിക്കറ്റിനായി ഒരുപാട് മത്സരങ്ങൾ കളിച്ചു.
ഇപ്പോൾ അടുത്ത തലമുറയ്ക്ക് വഴിമാറി കൊടുക്കേണ്ട സമയമായിരിക്കുന്നു. ഇതാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ശരിയായ സമയമെന്ന് തോന്നുന്നു.’ മൊയീൻ അലി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെ.
ഇംഗ്ലണ്ടിന് വേണ്ടി കളിച്ചതിൽ ഏറെ അഭിമാനമുണ്ട്. ആദ്യമായി ഇംഗ്ലണ്ടിന് വേണ്ടി കളിക്കാനിറങ്ങിയപ്പോൾ താൻ എത്രകാലം ക്രിക്കറ്റിൽ ഉണ്ടാകുമെന്ന് അറിയില്ലായിരുന്നു. ദേശീയ ടീമിനായി 300നടുത്ത് മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാണ് തുടക്കകാലത്ത് താൻ ആഗ്രഹിച്ചത്. എന്നാൽ ഇയാൻ മോർഗൻ തന്നെ ഏകദിന ടീമിലേക്കും വിളിക്കുകയായിരുന്നു. അത് മികച്ച അനുഭവമായിരുന്നു. എങ്കിലും ടെസ്റ്റ് ക്രിക്കറ്റാണ് ഏറ്റവും മികച്ച ഫോർമാറ്റെന്ന് ഞാൻ കരുതുന്നു. മൊയീൻ അലി പറയുന്നു.
2014ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മൊയീൻ അലി കടന്നുവന്നത്. 68 ടെസ്റ്റുകളും 138 ഏകദിനങ്ങളും 92 ട്വന്റി 20യും അലി ഇംഗ്ലണ്ടിനായി കളിച്ചു. 6,678 റൺസാണ് മൂന്ന് ഫോർമാറ്റുകളിലുമായി അലി അടിച്ചുകൂട്ടിയത്. എട്ട് സെഞ്ച്വറിയും 28 അർധ സെഞ്ച്വറിയും 366 വിക്കറ്റുകളും താരത്തിന്റെ കരിയറിന്റെ ഭാഗമാണ്. 2024ലെ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയായിരുന്നു മൊയീൻ അലി ഇംഗ്ലണ്ടിനായി അവസാനം കളിച്ചത്.