X

ബര്‍മിങാം ടെസ്റ്റ്: ഇന്ത്യക്ക് തോല്‍വി; കുറാന്‍ കളിയിലെ താരം

ബര്‍മിങാം: ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്്റ്റ് പരമ്പരിയിലെ ആദ്യടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. 31 റണ്‍സിനാണ് ആതിഥേയര്‍ ജയിച്ചു കയറിയത്. ഇതോടെ അഞ്ചു മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. നാലാം ദിനമായ ഇന്നലെ കളി തുടങ്ങുമ്പോള്‍ അഞ്ചു വിക്കറ്റ് കൈയിലിരിക്കെ ജയിക്കാന്‍ 84 റണ്‍സ് കൂടി ആവശ്യമായിരുന്ന ഇന്ത്യക്ക് 52 റണ്‍സ് ചേര്‍ക്കുന്നതിനിടെ വിക്കറ്റുകളെല്ലാം നഷ്ടമാവുകയായിരുന്നു. ഓള്‍റൗണ്ട് മികവ് പ്രകടിപ്പിച്ച സാം കുറാന്‍ ആണ് കളിയിലെ കേമന്‍.

സ്‌കോര്‍ ചുരുക്കത്തില്‍: ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 287 (ജോ റൂട്ട് 80, ബെയര്‍സ്റ്റോ 70, കീറ്റണ്‍ ജെന്നിങ്സ് 42. അശ്വിന്‍ 4/62). ഇന്ത്യ ഒന്നാം ഇന്നിങ്സ് 274 (വിരാത് കോലി 149, ശിഖര്‍ ധവാന്‍ 26. കുറാന്‍ 4/74). ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് 180 (കുറാന്‍ 63, ബെയര്‍സ്റ്റോ 28. അശ്വിന്‍ 4/59). ഇന്ത്യ രണ്ടാം ഇന്നിങ്സ് 162 (വിരാത് കോലി 51, ഹര്‍ദിക് പാണ്ഡ്യ 31. ബെന്‍ സ്റ്റോക്സ് 4/40). ആഗസ്ത് ഒമ്പതിന് രണ്ടാം ടെസ്റ്റിന് തുടക്കമാവും.

43 റണ്‍സുമായി കോലിയും 18 റണ്‍സുമായി ദിനേശ് കാര്‍ത്തിക്കും ക്രീസില്‍ നില്‍ക്കെ വിജയപ്രതീക്ഷയുണ്ടായിരുന്ന ഇന്ത്യക്ക് ഇന്നലെ ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ജെയിംസ് ആന്റേഴ്സന്റെ ഓവറിലെ അവസാന പന്തില്‍ കാര്‍ത്തിക്കിന്റെ ബാറ്റിലുരസിയ പന്ത് സെക്കന്റ് സ്ലിപ്പില്‍ ഡേവിഡ് മലാന്‍ കൈയിലൊതുക്കുകയായിരുന്നു. നാലാം ദിനത്തില്‍ ഇന്ത്യക്ക് ഒരു റണ്‍ പോലും കൂടിച്ചേര്‍ക്കാന്‍ കഴിയുന്നതിനു മുമ്പാണ് ഇംഗ്ലണ്ട് ആഞ്ഞടിച്ചത്. പിന്നീടെത്തിയ ഹാര്‍ദിക് പാണ്ഡ്യയും കോലിയും ക്ഷമയോടെ ഇന്നിങ്സ് മുന്നോട്ടു നയിച്ചപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ വീണ്ടും തളിരിട്ടു. സാഹചര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കോലി പ്രതിരോധത്തിലൂന്നിയപ്പോള്‍ പാണ്ഡ്യയാണ് ഈ ഘട്ടത്തില്‍ കൂടുതലായും റണ്‍സ് കണ്ടെത്തിയത്. ആന്റേഴ്സനെതിരെ ബൗണ്ടറി കണ്ടെത്തിയ കോലി അര്‍ധശതകം പിന്നിട്ടു.

ബ്രോഡിനെ ഒരു ഓവറില്‍ രണ്ടുതവണ അതിര്‍ത്തികടത്തിയ പാണ്ഡ്യ, സമ്മര്‍ദം ആതിഥേയരില്‍ അടിച്ചേല്‍പ്പിക്കുന്നതിനിടെ മത്സരത്തിന്റെ ഗതി നിര്‍ണയിച്ച വിക്കറ്റ് ഇംഗ്ലണ്ട് നേടി. ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ കോലി (51) പുറത്ത്. ഫുള്‍ ലെങ്തില്‍ വന്ന പന്ത് ഫല്‍ക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. അംപയര്‍ അലീം ദാറിന്റെ തീരുമാനത്തിനെതിരെ കോലി റിവ്യൂ ചെയ്തെങ്കിലും കാര്യമുണ്ടായില്ല.

അതേ ഓവറില്‍ തന്നെ അടുത്ത വിക്കറ്റും നഷ്ടമായി. മുഹമ്മദ് ഷമി (0) വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ ഇന്ത്യ എട്ടിന് 141 എന്ന നിലയിലേക്ക് പതിച്ചു. പിന്നീടുവന്ന ഇശാന്ത് ശര്‍മ രണ്ട് ബൗണ്ടറികളുമായി പ്രതീക്ഷ പകര്‍ന്നെങ്കിലും ആദില്‍ റാഷിദിന്റെ സ്പിന്നിനു മുന്നില്‍ ചുവടുപിഴച്ചു. ഗൂഗ്ലിയില്‍ ഇശാന്തിന്റെ പാഡില്‍ പന്ത് കൊണ്ടപ്പോള്‍ ആദില്‍ ചെയ്ത അപ്പീല്‍ അംപയര്‍ നിരസിച്ചെങ്കിലും റിവ്യൂവിലൂടെ ഇംഗ്ലണ്ട് വിക്കറ്റ് സ്വന്തമാക്കുകയായിരുന്നു.

ഹര്‍ദിക് പാണ്ഡ്യ (31) പത്താമനായാണ് പുറത്തായത്. ഓഫ്സൈഡിനു പുറത്തുവന്ന പന്തില്‍ ബാറ്റുവെച്ച മുംബൈ താരം സ്ലിപ്പില്‍ കുക്കിന് ക്യാച്ച് നല്‍കുകയായിരുന്നു.

chandrika: