X

പകല്‍ രാത്രി ടെസ്റ്റില്‍ ഇംഗ്ലണ്ടുകാര്‍ 58 റണ്‍സിന് തകര്‍ന്നടിഞ്ഞു

ഓക്‌ലാന്‍ഡ്: ഒന്നാം വിക്കറ്റ് നിലം പതിക്കുമ്പോള്‍ സ്‌ക്കോര്‍ ആറ് റണ്‍സ്. രണ്ടാം വിക്കറ്റ് അതേ സ്‌ക്കോറില്‍ വീഴുന്നു. മൂന്നാമന്‍ പുറത്താവുമ്പോള്‍ സ്‌ക്കോര്‍-16. രണ്ട് റണ്‍സ് കൂടി പിന്നിട്ട് 18 ല്‍ നാലാം വിക്കറ്റും വീഴുന്നു. അതേ സ്‌ക്കോറില്‍ അഞ്ചാം വിക്കറ്റും വീണു. 18 ല്‍ തന്നെ അതാ ആറാം വിക്കറ്റും നിലം പൊത്തുന്നു. മല്‍സരം പതിമൂന്നാം ഓവര്‍ പിന്നിടുമ്പോള്‍ ഏഴാമനും പുറത്താവുന്നു-സ്‌ക്കോര്‍ 23. കഥ അവിടെയും തീര്‍ന്നീല്ല. അതേ സ്‌ക്കോറില്‍ എട്ടാമനും മടങ്ങുന്നു. 27 ല്‍ ഒമ്പതാമനും പുറത്താവുമ്പോള്‍ നാണക്കേടിന്റെ വലിയ ക്രീസിലായിരുന്നു ക്രിക്കറ്റിന്റെ തറവാട്ടുകാര്‍. പത്താമന്‍ പൊരുതിയെങ്കിലും 58 ല്‍ അദ്ദേഹവും വീഴുമ്പോള്‍ സ്‌ക്കോര്‍ബോര്‍ഡില്‍ ദുരന്ത സ്‌ക്കോര്‍ പിറന്നു-58 ഓള്‍ഔട്ട് …..!
മേല്‍പ്പറഞ്ഞത് ഒരു ടി-20 സ്‌ക്കോര്‍ ആണെന്ന് ധരിക്കരുത്. ഇരുപത്തിയൊന്നാമത്തെ ഓവറില്‍ ഇന്നിംഗ്‌സ് അവസാനിച്ചു എന്നത് സത്യം. ന്യൂസിലാന്‍ഡിനെതിരായ ഡേ-നൈറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഒരൊറ്റ സെഷനില്‍ തകര്‍ന്ന ഇംഗ്ലണ്ടിന്റെ സ്‌ക്കോര്‍ ഷീറ്റാണ് മുകളില്‍ വിരിച്ചത്. ഈഡന്‍ പാര്‍ക്കിലെ അങ്കത്തില്‍ അഞ്ച് ഇംഗ്ലീഷുകാരാണ് സംപൂജ്യരായത്. 95 മിനുട്ട് മാത്രം അവശേഷിച്ച ഇന്നിംഗ്‌സിലെ ടോപ് സ്‌ക്കോറര്‍ അവസാന ബാറ്റ്‌സ്മാന്‍ ക്രെയിഗ് ഓവര്‍ടോണായിരുന്നു. പുറത്താവാതെ അദ്ദേഹം നേടിയ 33 റണ്‍സ് ഇല്ലായിരുന്നുവെങ്കില്‍ ജോ റൂട്ടിന്റെ സംഘത്തിന് ക്രിക്കറ്റ് ലോകത്തിന് തല ഉയര്‍ത്താന്‍ അവസരമുണ്ടാവുമായിരുന്നില്ല. ഒമ്പത് വിക്കറ്റിന് 27 റണ്‍സ് എന്നതായിരുന്നു ആ ഘട്ടത്തിലെ സ്‌ക്കോര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ സ്‌ക്കോര്‍ 45 റണ്‍സായിരുന്നു. 1887 ല്‍ സിഡ്‌നിയില്‍ ഓസ്ട്രേലിയക്കെതിരെ നേടിയ ഈ സ്‌ക്കോര്‍ പോലും നാണം കെടുമെന്ന ഘട്ടത്തില്‍ ഭാഗ്യമാണ് ടീമിന് തുണയായത്.
ഈഡന്‍ പാര്‍ക്കിലെ പിച്ചില്‍ ഭൂതമുണ്ടായിരുന്നില്ല. ടോസ് തനിക്കായിരുന്നുവെങ്കില്‍ ബാറ്റിംഗ് തന്നെയായിരിക്കും തെരഞ്ഞെടുക്കുകയെന്ന് ജോ റൂട്ട് പറയുകയും ചെയ്തിരുന്നു. പക്ഷേ കളി തുടങ്ങിയതും കിവി ലെഫ്റ്റ് ആ സീമര്‍ ട്രെന്‍ഡ് ബോള്‍ട്ട് നിറഞ്ഞാട്ടി. 10.4 ഓവര്‍ തുടര്‍ച്ചായയി പന്തെറിഞ്ഞ ബോള്‍ട്ട് 32 റണ്‍സിന് ആറ് പേരെ വീഴ്ത്തിയപ്പോള്‍ സഹ സീമര്‍ ടീം സൗത്തിയും മോശമാക്കിയില്ല. 25 റണ്‍സിന് നാല് വിക്കറ്റ്. ഈ രണ്ട് ബൗളര്‍മാര്‍ മാത്രമാണ് പന്തെറിഞ്ഞത്. മറുപടി ബാറ്റിംഗില്‍ കിവീസ് ശക്തമായ നിലയിലാണ്. ആദ്യദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 175 റണ്‍സ് അവര്‍ നേടിയിട്ടുണ്ട്. 91 റണ്‍സുമായി നായകന്‍ കീത്ത് വില്ല്യംസണ്‍ ക്രീസിലുണ്ട്. റാവല്‍ (3), ലോതം (26), റോസ് ടെയ്‌ലര്‍ (20) എന്നിവരാണ് പുറത്തായത്. ആഷസ്സപരമ്പരയില്‍ ഓസ്‌ട്രേലിയക് മുന്നില്‍ വലിയ പരാജയം രുചിച്ച ജോ റൂട്ടിന്റെ ടീമിന് കനത്ത ആഘാതമാണ് ഈ സ്‌ക്കോര്‍. നായകന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് നല്ല ബാറ്റിംഗ് ട്രാക്കില്‍ പൂജ്യരായത്. കിവി ബാറ്റിംഗ് നിര ഇന്നലെ തകര്‍പ്പന്‍ പ്രകടനം നടത്തിയ സാഹചര്യത്തില്‍ പിച്ചില്‍ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാവുകയും ചെയ്തതിനാല്‍ പരാജയമുഖത്താണ് ഇംഗ്ലീഷ് പട.

ചന്ദ്രിക വെബ് ഡെസ്‌ക്‌: