ജനപ്രിയ മോഡലുകളായ ജിക്‌സര്‍ 250, ജിക്‌സര്‍ എക്‌സ് എഫ് 250 എന്നിവ തിരിച്ചുവിളിക്കുമെന്ന് സുസുകി. എഞ്ചിനില്‍ അസാധാരണമായ വിറയല്‍ കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി. ഇതുവരെ ആകെ 199 യൂനിറ്റുകളിലാണ് തകരാര്‍ ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. 2019 ഓഗസ്റ്റ് 12 നും 2021 മാര്‍ച്ച് 21 നും ഇടയില്‍ നിര്‍മിച്ച ബൈക്കുകളിലാണ് പ്രശ്‌നം. അമിതമായ എഞ്ചിന്‍ വൈബ്രേഷന്‍ കാരണം ബാലന്‍സര്‍ ഡ്രൈവ് ഗിയറിന്റെ പൊസിഷനില്‍ മാറ്റം വന്നതായും സുസുകി എഞ്ചിനീയര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.
സൊസൈറ്റി ഓഫ് ഇന്ത്യ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ നല്‍കുന്ന വിവരമനുസരിച്ച് ബാലന്‍സര്‍ ഡ്രൈവ് ഗിയറിന്റെ സ്ഥാനങ്ങളുടെ അടയാളപ്പെടുത്തലിലെ തകരാറാണ് പ്രശ്‌നത്തിന് കാരണം. ബാലന്‍സര്‍ ഡ്രൈവ് ഗിയറിന്റെ പൊരുത്തപ്പെടാത്ത സ്ഥാനങ്ങള്‍ കാരണം അമിതമായ വിറയല്‍ എഞ്ചിന് ഉണ്ടാവുകയായിരുന്നു.
249 സിസി, സിംഗിള്‍ ഓവര്‍ഹെഡ് ക്യാം, സിംഗിള്‍ സിലിണ്ടര്‍, ഓയില്‍കൂള്‍ഡ് എഞ്ചിനാണ് ഇരുബൈക്കുകള്‍ക്കും കരുത്തുപകരുന്നത്. 9,300 ആര്‍പിഎമ്മില്‍ 26 ബിഎച്ച്പി കരുത്തും 7,300 ആര്‍പിഎമ്മില്‍ 22.2 എന്‍എം പീക്ക് ടോര്‍ക്കും എഞ്ചിന്‍ ഉത്പ്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ്. ബജാജ് ഡൊമിനാര്‍ 250, യമഹ എഫ്‌സെഡ് 25 എന്നിവയാണ് സുസുക്കി ജിക്‌സെര്‍ 250 ശ്രേണിയുടെ എതിരാളികള്‍.