X

വിരാത് വീരന്‍

നോട്ടിംഗ്ഹാം: വീണ്ടും നായകനൊത്ത പ്രകടനവുമായി വിരാത് കോലി…. ലോക ക്രിക്കറ്റിലെനമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ മറ്റാരുമല്ലെന്ന് തെളിയിക്കുന്ന അച്ചടക്കമുള്ള സെഞ്ച്വറി ഇന്നിംഗ്‌സില്‍ ഇന്ത്യയെ നായകന്‍ മുന്നില്‍ നിന്ന് നയിച്ചു. മൂന്നാം ടെസ്റ്റിലുടനീളം ഡ്രൈവിംഗ് സീറ്റിലുള്ള കോലിയുടെ ഇന്ത്യ ശക്തമായ ലീഡിലും ഉയരത്തിലുമാണ്. മൂന്നാം ദിവസം ബാറ്റ് ചെയ്ത് കോലിയുടെ സെഞ്ച്വറിയും ചേതേശ്വര്‍ പൂജാരയുടെ ചെറുത്തുനില്‍പ്പുമെല്ലാമായി ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ ചായക്ക് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റിന് 282 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. അഞ്ച് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ 450 റണ്‍സാണ് ടീമിന്റെ ലീഡ്.

കോലിയായിരുന്നു ഹീറോ. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറിക്കടുത്ത പ്രകടനം നടത്തിയ ചാമ്പ്യന്‍ നായകന്‍ ഇന്നലെ രാവിലെ മുതല്‍ ക്രീസില്‍ സജീവമായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ച്വറിക്ക്് തൊട്ടരികെ പറ്റിയ പിഴവില്‍ നല്ല ബോധ്യമുള്ളതിനാല്‍ അതീവ ജാഗരൂകമായിരുന്നു കോലിയുടെ രണ്ടാം ഇന്നിംഗ്‌സ്. ഒന്നാം ഇന്നിംഗ്‌സില്‍ കോലിയുടെ വിക്കറ്റ് നേടിയ സ്പിന്നര്‍ ആദില്‍ റഷീദിനെ കൂടുതല്‍ സമയം ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് രംഗത്തിറക്കിയിരുന്നു. പക്ഷേ ജാഗ്രതയില്‍ കോലി പിറകോട്ട്് പോയില്ല. ചായക്ക് പിരിയുമ്പോള്‍ 93 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ആദ്യ രണ്ട് സെഷനില്‍ ഇന്ത്യക്ക് ഇന്നലെ നഷ്ടമായത് പൂജാരയെ മാത്രം. സ്‌പെഷ്യലിസ്റ്റ് ടെസ്റ്റ് ബാറ്റ്‌സ്മാന്‍ എന്ന ഖ്യാതിയില്‍ ടീമിലെത്തിയ പുജാര രണ്ടാം ടെസ്റ്റില്‍ പരാജയമായിരുന്നു. ഇന്നലെ ക്ഷമയുടെ പ്രതീകമായി സ്വതസിദ്ധമായ ശാന്ത ശൈലിയില്‍ അദ്ദേഹം കളിച്ചു. 208 പന്തുകള്‍ നേരിട്ട് 72 റണ്‍സ് നേടി. ഒമ്പത് ബൗണ്ടറികള്‍ നിറഞ്ഞ ഇന്നിംഗ്‌സിന് പക്ഷേ ബെന്‍ സ്റ്റോക്ക്‌സ് അന്ത്യമിട്ടു. പ്രതീക്ഷിച്ചതിലും താഴ്ന്ന വന്ന സ്‌റഅറോക്ക്‌സിന്റെ ഇന്‍സ്വിംഗര്‍ ബാറ്റില്‍ തട്ടി ഒന്നാം സ്ലിപ്പില്‍ അലിസ്റ്റര്‍ കുക്കിന്റെ കരങ്ങളിലാണെത്തിയത്.

പകരം കൂട്ടിനെത്തിയ വൈസ് ക്യാപ്റ്റന്‍ രഹാനെയെ സാക്ഷി നിര്‍ത്തിയാണ് കോലി സെഞ്ച്വറിയിലെത്തിയത്. മൂന്നക്കത്തിലേക്കുള്ള യാത്രയില്‍ ജിമ്മി ആന്‍ഡേഴ്‌സന്റെ പന്തുകള്‍ കോലിയെ വിഷമിപ്പിച്ചിരുന്നു. 97 ല്‍ സ്ലിപ്പില്‍ അദ്ദേഹത്തിന് ലൈഫും കിട്ടി. കരിയറിലെ 21-ാമത് സെഞ്ച്വറി തികച്ചതും 103 ല്‍ കോലി പുറത്തായി. വോഗ്‌സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയായിരുന്നു ഇന്ത്യന്‍ നായകന്റെ മടക്കം. റിഷാഭ് പന്ത് പകരമെത്തിയെങ്കിലും ആദ്യ ഇന്നിംഗ്‌സിലെ മികവ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല. ആറ് പന്തില്‍ ഒരു റണ്ണാണ് യുവതാരം നേടിയത്. വിക്കറ്റ് ആന്‍ഡേഴ്‌സണ്.

chandrika: