ന്യൂഡല്‍ഹി: ബോളിവുഡ് താരം ഷാരൂഖ് ഖാന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട് വിദേശ നാണയ വിനിമയചട്ടം ലംഘിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. കിങ് ഖാനോട് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്നാണ് ഡയറക്ടറേറ്റിന്റെ നിര്‍ദേശം. ഓഗസ്റ്റ് 23ന് മുംബൈയിലാണ് ചോദ്യം ചെയ്യല്‍. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്ന ഐപിഎല്‍ ടീമിന്റെ ഓഹരി വില്‍പന സംബന്ധിച്ച ക്രമക്കേടുകളാണ് പ്രധാനമായും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നത്. ഓഹരി വില്‍പനക്കിടെ ഫോറിന്‍ എക്്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് ലംഘിച്ചുവെന്ന കുറ്റമാണ് ഷാരൂഖിനെതിരെ ചുമത്തിയിരിക്കുന്നത്. വിലകുറച്ച് കാണിച്ചതിലൂടെ വില്‍പനയില്‍ 73.6 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.