X
    Categories: keralaNews

ബിനീഷ് കോടിയേരിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയതായി സൂചന; അന്വേഷണം ഒരു മന്ത്രിയിലേക്ക്

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. 12 മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു. ബെംഗളൂരു ലഹരിമരുന്ന് കേസ് പ്രതികള്‍ സ്വര്‍ണക്കടത്തിന് സഹായിച്ചിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

സ്വപ്ന സുരേഷിന് കമ്മിഷന്‍ ലഭിച്ച സ്ഥാപനങ്ങളില്‍ ബിനീഷിനുള്ള പങ്കും ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളും എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്. ബെംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാനിരിക്കെയാണ് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അപ്രതീക്ഷിതമായി എന്‍ഫോഴ്സ്മെന്റ് ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. രാവിലെ ഒമ്പതരയോടെയാണ് ബിനീഷ് കൊച്ചി എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്തിയത്.

എന്‍ഫോഴസ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ 10 മണിക്ക് ഓഫീസിലെത്തിയതോടെ ചോദ്യം ചെയ്യല്‍ തുടങ്ങി. സ്വപ്ന സുരേഷടക്കമുള്ള പ്രതികളുടെ റിമാന്‍ഡ് നീട്ടാന്‍ ഇ.ഡി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നതിന്റെ സൂചന തുറന്നിട്ടത്. ബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചു എന്ന് സംശയമുണ്ട്. ഈ കേസ് അന്വേഷിച്ച നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇ.ഡിയില്‍ നിന്ന് വിവരങ്ങള്‍ തേടി.

സിപിഎമ്മിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു പാര്‍ട്ടി സെക്രട്ടറിയുടെ മകനെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നത്. ബിനീഷ് കോടിയേരിക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചിരുന്നു. ഇത് ഉണ്ടയില്ലാ വെടിയാണെന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ നിലപാട്. ഫിറോസിന്റെ ആരോപണം അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. എന്നാല്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതോടെ സിപിഎം സംസ്ഥാന നേതൃത്വം തന്നെ പ്രതിരോധത്തിലായി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചതായാണ് സൂചന. വരും ദിവസങ്ങളില്‍ കൂടുതല്‍ സിപിഎം നേതാക്കളിലേക്കും ചില മന്ത്രിമാരിലേക്കും സ്വര്‍ണക്കടത്തിന്റെ അന്വേഷണം നീങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: